കർണാടകയിൽ കെ.ജെ. ജോർജ് ഇന്നു വീണ്ടും സത്യപ്രതിജ്‌ഞ ചെയ്യും
കർണാടകയിൽ കെ.ജെ. ജോർജ് ഇന്നു വീണ്ടും സത്യപ്രതിജ്‌ഞ ചെയ്യും
Sunday, September 25, 2016 12:29 PM IST
ബംഗളൂരു: ഡിവൈഎസ്പി എം.കെ. ഗണപതി ആത്മഹത്യ ചെയ്ത കേസിൽ മുൻ മന്ത്രി കെ.ജെ. ജോർജിന് ക്രൈംബ്രാഞ്ച് ക്ലീൻചിറ്റ് നല്കിയതോടെ സിദ്ധരാമയ്യ മന്ത്രിസഭയിലെ അംഗമായി ജോർജ് ഇന്നു വീണ്ടും സത്യപ്രതിജ്‌ഞ ചെയ്യും. രാജ്ഭവനിൽ ഗവർണർ മുൻപാകെയാണു സത്യപ്രതിജ്‌ഞ.

സംസ്‌ഥാനത്ത് രണ്ടു പോലീസുകാർ ആത്മഹത്യ ചെയ്ത കേസിൽ ജോർജിനെതിരേ മടിക്കേരി കോടതി എഫ്ഐആർ സമർപ്പിക്കാൻ ഉത്തരവിട്ടതോടെയാണ് ജൂലൈ 18ന് ബംഗളൂരു ഡെവലപ്മെന്റ് ആൻഡ് ടൗൺ പ്ലാനിംഗ് മന്ത്രിയായിരുന്ന ജോർജ് രാജിവച്ചത്.

ജൂലൈ ഏഴിനാണ് എം.കെ. ഗണപതി ആത്മഹത്യ ചെയ്തത്. ഇതിനുമുമ്പ് ഒരു ടെലിവിഷൻ ചാനലിനു നല്കിയ അഭിമുഖത്തിൽ തന്റെ മരണത്തിനു കാരണക്കാർ മന്ത്രി ജോർജും ട്രാഫിക് കമ്മീഷണർ എ.എം. പ്രസാദും സർക്കാർ പോലീസ് ഉദ്യോഗസ്‌ഥനായ പ്രണാബ് മൊഹന്തിയുമായിരിക്കുമെന്ന് 51 കാരനായ ഗണപതി പറഞ്ഞിരുന്നു. ഗണപതിയുടെ മകൻ നേഹലാണു മൂവർക്കുമെതിരേ പോലീസിൽ പരാതി നല്കിയത്.


കർണാടക ക്രൈംബ്രാഞ്ചാണു കേസ് അന്വേഷിച്ചത്. മൂവരെയും പ്രതിപ്പട്ടികയിൽനിന്ന് ഒഴിവാക്കി സെപ്റ്റംബർ 17നു ക്രൈംബ്രാഞ്ച് മടിക്കേരി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. ഗണപതിയുടെ മരണത്തെത്തുടർന്ന് സിദ്ധരാമയ്യ സർക്കാർ പ്രതിസന്ധിയിലായിരുന്നു. നിയമസഭ സ്തംഭിപ്പിച്ചുകൊണ്ടുള്ള പ്രക്ഷോഭമാണു പ്രതിപക്ഷ പാർട്ടികൾ സംസ്‌ഥാനമൊട്ടാകെ നടത്തിയത്. സിദ്ധരാമയ്യ മന്ത്രിസഭയിൽ ആഭ്യന്തരമന്ത്രിയായും ജോർജ് സേവനമനുഷ്ഠിച്ചിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.