ജയലളിത ഡോക്ടർമാരുടെ നിരീക്ഷണത്തിൽ
ജയലളിത ഡോക്ടർമാരുടെ നിരീക്ഷണത്തിൽ
Saturday, September 24, 2016 12:02 PM IST
ചെന്നൈ: കടുത്ത പനിയും നിർജലീകരണവുമായി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട തമിഴ്നാട് മുഖ്യമന്ത്രി ജെ. ജയലളിതയുടെ നിലയിൽ മാറ്റമില്ല. ജയലളിത ഡോക്ടർമാരുടെ നിരന്തര നിരീക്ഷണത്തിലാണെന്ന് അപ്പോളോ ആശുപത്രി ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ സുഭിഷ് വിശ്വനാഥ് പ്രസ്താവനയിൽ അറിയിച്ചു.

അസുഖം മൂർച്ഛിച്ചതിനെത്തുടർന്ന് ജയലളിതയെ സിംഗപ്പൂരിലേക്ക് വിദഗ്ധ ചികിത്സയ്ക്കായി കൊണ്ടുപോയി എന്നു സോഷ്യൽ മീഡിയയിൽ ഇന്നലെയുണ്ടായ പ്രചാരണത്തെ എഡിഎംകെ വക്‌താവ് സി.ആർ. സരസ്വതി തള്ളി. വാർത്ത വ്യാജമാണെന്നും അമ്മ വൈകാതെ സ്വവസതിയിലേക്കു മടങ്ങുമെന്നും അവർ അറിയിച്ചു.

പതിവിനു വിരുദ്ധമായി ജയലളിത ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടതാണ് അവരുടെ രോഗത്തെക്കുറിച്ച് അഭ്യൂഹങ്ങൾക്കു കാരണമാക്കിയത്. 23–ാം തീയതിയാണ് ജയ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടത്. സാധാരണയായി ജയലളിതയെ അവരുടെ വസതിയിലെത്തി ഡോക്ടർമാർ പരിശോധിക്കുകയാണു പതിവ്.


പ്രമേഹ രോഗമുള്ള ജയയ്ക്ക് വൃക്ക രോഗമാണെന്നും കരൾ രോഗമാണെന്നുമുള്ള അഭ്യൂഹങ്ങളുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ള പ്രമുഖർ ജയലളിത എത്രയും വേഗം സുഖം പ്രാപിക്കാൻ ആശംസിച്ചിരുന്നു. പ്രിയപ്പെട്ട മുഖ്യമന്ത്രി ആരോഗ്യവതിയായി തിരിച്ചെത്താൻ നടൻ രജനികാന്ത് ഇന്നലെ ട്വിറ്ററിലൂടെ ആശംസിച്ചു. ജയലളിതയുടെ ആരോഗ്യത്തിനായി എഡിഎംകെ പ്രവർത്തകർ സംസ്‌ഥാനത്തുടനീളം ക്ഷേത്രങ്ങളിൽ പ്രത്യേക പ്രാർഥന നടത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.