കാഷ്മീർ താഴ്വരയിൽനിന്ന് വിദ്യാർഥികൾ ജമ്മുവിലേക്കു മാറുന്നു
Saturday, September 24, 2016 12:02 PM IST
ശ്രീനഗർ: മൂന്നു മാസത്തോളമായി തുടരുന്ന സംഘർഷത്തെത്തുടർന്നു കാഷ്മീർ താഴ്വരയിലെ വിദ്യാർഥികൾ കുടുംബത്തോടൊപ്പം ജമ്മുവിലേക്കു കുടിയേറുന്നു. മേഖലയിൽ മൂന്നു മാസത്തോളമായി വിദ്യാലയങ്ങൾ അടഞ്ഞുകിടക്കുകയാണ്. ഇതാണ് ജമ്മുവിലേക്കു നീങ്ങാൻ കുട്ടികളെയും കുടുംബാംഗങ്ങളെയും പ്രേരിപ്പിക്കുന്നത്. തെക്കൻ കാഷ്മീരിലെ അനന്ത്നാഗിൽ നിന്നുള്ള നൂറോളം വിദ്യാർഥികൾ കഴിഞ്ഞ മാസം ജമ്മുവിലേക്കു മാറിയെന്ന് അധികൃതർ പറഞ്ഞു. പഠനം മുടങ്ങി മാസങ്ങൾ കഴിഞ്ഞിട്ടും ബദൽ സംവിധാനങ്ങൾ ഏർപ്പെടുത്താൻ കഴിയാത്തതാണ് താഴ്വര വിട്ടുപോകാൻ വിദ്യാർഥികളെ പ്രേരിപ്പിക്കുന്നത്.


78 ദിവസമായി താഴ്വരയിൽ ജനജീവിതം സ്തംഭിച്ചിരിക്കുകയാണ്. സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായുള്ള നിയന്ത്രണവും വിഘടനവാദികളുടെ സമരാഹ്വാനവുമാണ് ജനജീവിതം ദുസ്സഹമാക്കുന്നത്. ജൂലൈ ഒമ്പതിനുശേഷം ആദ്യമായി ഇന്നലെയും ഇന്നും സമരത്തിന് വിഘടനവാദികൾ ഏതാനും മണിക്കൂറുകൾ ഇളവ് പ്രഖ്യാപിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.