വിദേശ വിനോദസഞ്ചാരികൾ സ്കർട്ട് ധരിക്കരുതെന്നു മന്ത്രി
വിദേശ വിനോദസഞ്ചാരികൾ സ്കർട്ട് ധരിക്കരുതെന്നു മന്ത്രി
Monday, August 29, 2016 11:32 AM IST
<ആ>സ്വന്തം ലേഖകൻ

ന്യൂഡൽഹി: ഇന്ത്യയിലെത്തുന്ന വിനോദസഞ്ചാരികളായ വിദേശ വനിതകൾ മിനി സ്കർട്ട് ധരിക്കരുതെന്നു പറഞ്ഞു കേന്ദ്ര സാംസ്കാരിക മന്ത്രി മഹേഷ് ശർമ വിവാദത്തിൽ.

ഇന്ത്യൻ സന്ദർശന വേളയിൽ വസ്ത്രധാരണത്തിൽ വിദേശികൾ പാലിക്കേണ്ട മാനദണ്ഡങ്ങളിലാണ് ഈ നിർദേശം ഉൾപ്പെടുത്തിയിട്ടുള്ളത്. ഇക്കാര്യങ്ങൾ വിശദീകരിച്ചു കൊണ്ടുള്ള ലഘുലേഖകൾ വിമാനത്താവളത്തിൽ വച്ചു തന്നെ വിദേശ വിനോദ സഞ്ചാരികൾക്കു നൽകുമെന്നാണു കേന്ദ്ര മന്ത്രി പറഞ്ഞത്. എന്നാൽ, പ്രസ്താവന വിവാദമായതോടെ ആരാധനാലയങ്ങൾ പ്രവേശിക്കുമ്പോൾ പാലിക്കേണ്ട വസ്ത്രമര്യാദകളാണു താൻ ഉദ്ദേശിച്ചതെന്ന വിശദീകരണവുമായി മന്ത്രി രംഗത്തെത്തി. രാത്രിയിൽ പുറത്തു ചുറ്റിക്കറങ്ങി നടക്കുന്ന പെൺകുട്ടികൾ ഇന്ത്യൻ സംസ്കാരത്തിനു ചേർന്നവരല്ലെന്നു പറഞ്ഞു മഹേഷ് ശർമ കഴിഞ്ഞ വർഷവും വിവാദത്തിലകപ്പെട്ടിരുന്നു.

രാജ്യത്തെ ചെറു പട്ടണങ്ങളിൽ രാത്രിയിൽ ഒറ്റയ്ക്കു ചുറ്റിക്കറങ്ങരുത്. വാടകയ്ക്കു വിളിക്കുന്ന ടാക്സിയുടെ രജിസ്ട്രേഷൻ നമ്പർ അടക്കമുള്ളവ ചിത്രമെടുത്ത് സുഹൃത്തിനയയ്ക്കണം. ക്ഷേത്രങ്ങൾ അടക്കമുള്ള ആരാധനാലയങ്ങളിൽ പ്രവേശിക്കുന്നവർ നിർദേശങ്ങൾക്ക് അനുസൃതമായ വസ്ത്രങ്ങൾ ധരിക്കണം എന്നിവയാണ് വിദേശ വിനോദ സഞ്ചാരികൾക്കുള്ള നിർദേശങ്ങൾ.


പ്രസ്താവന വിവാദമായതിനു ശേഷം വിദേശികളുടെ വസ്ത്ര ധാരണത്തിൽ നിർദേശം വയ്ക്കുകയല്ലെന്ന് മന്ത്രി പറഞ്ഞു. സുരക്ഷിതത്വം ഉറപ്പു വരുത്തുന്ന കാര്യത്തിൽ ശ്രദ്ധിക്കണമെന്ന് നിർദേശിക്കുക മാത്രമാണു ചെയ്യുന്നത്. പാശ്ചാത്യരെ അപേക്ഷിച്ച് വ്യത്യസ്ത സംസ്കാരം പുലർത്തുന്ന രാജ്യമാണ് ഇന്ത്യയെന്നും മഹേഷ് ശർമ വ്യക്‌തമാക്കി.

അതേസമയം, കേന്ദ്രമന്ത്രിയുടെ പ്രസ്താവനയ്ക്കെതിരേ കോൺഗ്രസ് അടക്കമുള്ള രാഷ്ട്രീയ പാർട്ടികൾ രംഗത്തെത്തി. രാജ്യത്തു ഭിന്നിപ്പിച്ചു ഭരിക്കുക എന്ന ബ്രിട്ടീഷ് നയം നടപ്പാക്കാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നതെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി. ഉപദേശങ്ങൾ നൽകി മഹേഷ് ശർമ രാജ്യത്തെ അപമാനിക്കരുതെന്ന് ഡൽഹി മന്ത്രി കപിൽ മിശ്ര ട്വീറ്ററിൽ ആരോപിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.