ടെലിഫോണിലൂടെ മുത്തലാഖ്; സുപ്രീംകോടതി കേന്ദ്രത്തിന്റെ നിലപാട് തേടി
ടെലിഫോണിലൂടെ മുത്തലാഖ്;  സുപ്രീംകോടതി കേന്ദ്രത്തിന്റെ നിലപാട് തേടി
Friday, August 26, 2016 1:06 PM IST
<ആ>സ്വന്തം ലേഖകൻ

ന്യൂഡൽഹി: ടെലിഫോണിലൂടെ മുത്തലാഖ് ചൊല്ലി വിവാഹ ബന്ധം വേർപെടുത്തിയതിനെതിരേ മുസലിം യുവതി നൽകിയ ഹർജിയിൽ സുപ്രീം കോടതി കേന്ദ്രത്തിന്റെ നിലപാട് തേടി. ദുബായിൽ നിന്നു ടെലിഫോണിലൂടെ മുത്തലാഖ് ചൊല്ലിയതിനെതിരേ കോൽക്കത്ത സ്വദേശിയായ യുവതിയാണു സുപ്രീം കോടതിയെ സമീപിച്ചത്. ഹർജി പരിഗണിച്ച ചീഫ് ജസ്റ്റീസ് ടി.എസ്. ഠാക്കൂർ അധ്യക്ഷനായ മൂന്നംഗ ബെഞ്ച് കേന്ദ്ര ന്യൂനപക്ഷ ക്ഷേമ മന്ത്രാലയത്തോടു നിലപാട് അറിയിക്കാൻ നിർദേശിക്കുകയായിരുന്നു. ഹർജി വീണ്ടും സെപ്റ്റംബർ ആറിനു പരിഗണിക്കും.


മുസ്ലിം സമുദായത്തിലെ വിവാഹ മോചനത്തിനു ഉപയോഗിക്കുന്ന മുത്തലാഖ് ഭരണഘടനാ പരമാണോയെന്നു പരിശോധിക്കുന്നതിനിടെയാണ് പുതിയ ഹർജി കോടതിയുടെ പരിഗണനയ്ക്കെത്തിയത്. മൂന്നു തവണ തലാഖ് ചൊല്ലിയുള്ള ഏകപക്ഷീയമായ വിവാഹ മോചനം വലിയൊരു വിഭാഗം ആളുകളെ ബാധിച്ചിട്ടുണ്ടെന്നതു അതീവ ഗൗരവതരമാണെന്നും കോടതി വിലയിരുത്തിയിരുന്നു. വിഷയത്തിൽ സെപ്റ്റംബർ ആറ് മുതൽ വാദം കേൾക്കാനാണ് കോടതി നേരത്തെ തീരുമാനിച്ചിരുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.