മദ്രാസ് ഹൈക്കോടതിയിൽ അഭിഭാഷകർ അഴിഞ്ഞാടി
മദ്രാസ് ഹൈക്കോടതിയിൽ അഭിഭാഷകർ അഴിഞ്ഞാടി
Monday, July 25, 2016 12:11 PM IST
ചെന്നൈ: അഭിഭാഷകർക്കു പെരുമാറ്റച്ചട്ടം കൊണ്ടുവരുന്നതിന്റെ ഭാഗമായി 1961ലെ അഡ്വക്കറ്റ് ആക്ട് ഭേദഗതി ചെയ്യാനുള്ള മദ്രാസ് ഹൈക്കോടിയുടെ നീക്കത്തിനെതിരേ തമിഴ്നാട്ടിലെയും പുതുച്ചേരിയിലെയും ആയിരക്കണക്കിന് അഭിഭാഷകർ മദ്രാസ് ഹൈക്കോടതി പരിസരത്തു പ്രക്ഷോഭം സംഘടിപ്പിച്ചു. കോടതി പരിസരം സമരക്കളമാക്കിയ അഭിഭാഷകരെ ബാർ കൗൺസിൽ ഓഫ് ഇന്ത്യ സസ്പെൻഡ് ചെയ്തു. 126 അഭിഭാഷകരെയും 21 ബാർ നേതാക്കളെയുമാണ് സസ്പെൻഡ് ചെയ്തത്. സസ്പെൻഡ് ചെയ്യപ്പെട്ടവരിൽ ജോയിന്റ് ആക്ഷൻ കമ്മിറ്റി അംഗങ്ങളുമുണ്ട്. നിയമം ഭേദഗതി ചെയ്യുന്നതിനെതിരേ മദ്രാസ് ഹൈക്കോടതി അഡ്വക്കറ്റ് അസോസിയേഷൻ, വിവിധ അഭിഭാഷക സംഘടനാ നേതാക്കൾ എന്നിവർ ഒരുമാസമായി കോടതി ബഹിഷ്കരിച്ച് പ്രതിഷേധത്തിലാണ്.

ചീഫ് ജസ്റ്റീസ് എസ്.കെ. കൗളിന്റെ കിരാത നടപടി അവസാനിപ്പിക്കുക, അഡ്വക്കറ്റ് ആക്ട് ഭേദഗതി ചെയ്യാനുള്ള നീക്കം അവസാനിപ്പിക്കുക തുടങ്ങിയ ബാനറുകളുമായാണ് അഭിഭാഷകർ പ്രകടനം നടത്തിയത്. കോടതിയുടെ ഏഴു ഗേറ്റുകളിലും പോലീസ് ബാരിക്കേഡ് തീർത്തിരുന്നു. അച്ചടക്കനടപടിയെടുത്തതിനു ബാർ കൗൺസിലിന്റെ ബാനറുകൾ കത്തിച്ചു. സിഐഎസ്എഫിനാണ് ഇവിടെ സുരക്ഷാ ചുമതല. ഹൈക്കോടതിക്കു മുന്നിലുള്ള റോഡ് മണിക്കൂറുകളോളം ഉപരോധിച്ചു.


ജഡ്ജിയുടെ പേരുപറഞ്ഞ് കക്ഷികളിൽനിന്ന് അഭിഭാഷകർ പണംപിരിച്ചതായി കണ്ടെത്തിയാൽ പുറത്താക്കാൻ സെക്ഷൻ 34(1) ശിപാർശ ചെയ്യുന്നു. കോടതി പരിസരം പ്രതിഷേധത്തിനുള്ള വേദിയല്ലെന്നും പുതിയ നിയമം നിഷ്കർഷിക്കുന്നു. ജഡ്ജിമാർക്കെതിരേ അപവാദം പ്രചരിപ്പിക്കുക, മുദ്രാവാക്യം വിളിക്കുക, കോടതി മുറിക്കു പുറത്ത് ഘെരാവൊ നടത്തുക, പ്ലക്കാർഡുകളുമായി എത്തുക, കക്ഷികളിൽനിന്നു മദ്യം വാങ്ങിക്കുടിച്ച് കോടതിയിലെത്തുക എന്നീ കുറ്റങ്ങൾക്കുള്ള ശിക്ഷകളാണ് പുതിയ നിയമത്തിലുള്ളത്. അന്വേഷണം പ്രഖ്യാപിക്കുന്നതിനുമുമ്പുതന്നെ അച്ചടക്ക നടപടി സ്വീകരിക്കാനാവില്ലെന്ന നിലപാടിലാണ് അഭിഭാഷകർ. അഭിഭാഷകരോടു തിരികെ ജോലിയിൽ പ്രവേശിക്കാൻ ബാർ കൗൺസിൽ നിർദേശിച്ചിരുന്നു. ഇതു ലംഘിച്ചതിനാണ് സസ്പെൻഷൻ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.