മല്യക്കു സുപ്രീംകോടതി നോട്ടീസ്
മല്യക്കു സുപ്രീംകോടതി നോട്ടീസ്
Monday, July 25, 2016 12:05 PM IST
<ആ>സ്വന്തം ലേഖകൻ

ന്യൂഡൽഹി: വിദേശരാജ്യങ്ങളിലേത് അടക്കമുള്ള സ്വത്തുവിവരങ്ങൾ കൈമാറണമെന്ന ഉത്തരവ് പാലിക്കാത്തതിനു മദ്യരാജാവ് വിജയ് മല്യക്ക് സുപ്രീംകോടതിയുടെ നോട്ടീസ്. സുപ്രീംകോടതിയുടെ ഉത്തരവ് പാലിക്കാത്തതിൽ വിജയ് മല്യക്കെതിരേ കോടതിയലക്ഷ്യത്തിനു കേസെടുക്കണമെന്നാവശ്യപ്പെട്ട് പൊതുമേഖല ബാങ്കുകളുടെ കൺസോർഷ്യം നൽകിയ ഹർജിയിലാണ് ജസ്റ്റീസ് കുര്യൻ ജോസഫ് അധ്യക്ഷനായ ബെഞ്ചിന്റെ നടപടി. നാലാഴ്ചയ്ക്കുള്ളിൽ മറുപടി നൽകാനാണു കോടതിയുടെ നിർദേശം.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അടക്കമുള്ള 17 പൊതുമേഖലാ ബാങ്കുകളിൽനിന്നു കടമെടുത്ത 9,000 കോടിയും പലിശയും തിരിച്ചടയ്ക്കുന്നതിനുള്ള നടപടിയായാണ് വിജയ് മല്യയുടെയും കുടുംബത്തിന്റെയും സ്വത്തു വിവരങ്ങളുടെ പൂർണ വിവരങ്ങൾ ബാങ്കുകൾക്കു കൈമാറണമെന്നു സുപ്രീംകോടതി കഴിഞ്ഞ ഏപ്രിലിൽ ഉത്തരവിട്ടിരുന്നത്.


എന്നാൽ, ഈ ഉത്തരവ് പാലിച്ചില്ലെന്നും വിജയ് മല്യ നൽകിയ വിവരങ്ങൾ പൂർണമല്ലെന്നും ചൂണ്ടിക്കാട്ടിയാണ് കോടതിയലക്ഷ്യ ഹർജിയുമായി പൊതുമേഖല ബാങ്കുകളുടെ കൺസോർഷ്യം വീണ്ടും സമീപിച്ചത്.

ബ്രിട്ടനിലുള്ള സ്വത്തുക്കളുടെ പൂർണ വിവരങ്ങൾ മല്യ നൽകിയില്ലെന്നും മറുപടി നൽകാതെ നിയമത്തെ അവഹേളിക്കുകയാണ് ചെയ്യുന്നതെന്നും ബാങ്കുകൾക്കു വേണ്ടി ഹാജരായ അറ്റോർണി ജനറൽ മുകുൾ റോഹ്ത്തഗി ചൂണ്ടിക്കാട്ടി.

കിട്ടാക്കടം തിരിച്ചു പിടിക്കാൻ ബാങ്കുകൾ നടപടി തുടങ്ങിയതോടെയാണു രാജ്യസഭാ എംപി കൂടിയായിരുന്ന വിജയ് മല്യ രാജ്യം വിട്ടത്. ഇതിനുശേഷം സുപ്രീംകോടതി അടക്കം വിവിധ കോടതികൾ നോട്ടീസയച്ചിട്ടും തിരികെ എത്തി നടപടികളുമായി സഹകരിക്കുന്നതിനോ നോട്ടീസിനു വേണ്ടവിധത്തിലുള്ള മറുപടി നൽകുന്നതിനോ മല്യ തയാറായിട്ടില്ലെന്നു ബാങ്കുകൾ ചൂണ്ടിക്കാട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.