വാർത്താസമ്മേളനം നടത്താൻ മോദിയെ വെല്ലുവിളിച്ച് കോൺഗ്രസ്
വാർത്താസമ്മേളനം നടത്താൻ മോദിയെ വെല്ലുവിളിച്ച് കോൺഗ്രസ്
Monday, June 27, 2016 12:42 PM IST
<ആ>സ്വന്തം ലേഖകൻ

ന്യൂഡൽഹി: വാർത്താസമ്മേളനം നടത്തി മാധ്യമങ്ങളുടെ ചോദ്യങ്ങളെ അഭിമുഖീകരിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കോൺഗ്രസിന്റെ വെല്ലുവിളി. രണ്ടുവർഷത്തിനിടെ ഒരു വാർത്താസമ്മേളനം പോലും മോദി നടത്തിയിട്ടില്ലെന്ന് എ.ഐ.സി.സി വക്‌താവ് കപിൽ സിബിൽ പറഞ്ഞു. ജനാധിപത്യത്തിൽ പിന്തുടർന്ന് വരുന്ന ശൈലിയാണ് വാർത്താസമ്മേളനം നടത്തി മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുക എന്നത്. ഏതെങ്കിലും ഒരു മാധ്യമ പ്രവർത്തകനു പ്രത്യേക അഭിമുഖം നൽകി മാധ്യമ പ്രവർത്തകരെ കണ്ടു എന്നു വരുത്തി തീർക്കുന്നതിൽ അർഥമില്ല. ആശയങ്ങളും അഭിപ്രായങ്ങളും കൈമാറമെന്നു വിശ്വസിക്കുന്ന പാർട്ടിയാണ് കോൺഗ്രസ്. കാഷ്മീർ അടക്കം നിരവധി വിഷയങ്ങൾ നിലവിലുണ്ട്. ഈ വിഷയങ്ങളിലെല്ലാം പ്രധാനമന്ത്രിയിൽ നിന്നു മറുപടി കേൾക്കാൻ രാജ്യം ആഗ്രഹിക്കുന്നു. വാർത്താസമ്മേളനം നടത്തി മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങളെ നേരിടാൻ മോദി തയാറാകണമെന്നും എ.ഐ.സി.സി വക്‌താവ് കപിൽ സിബിൽ ആവശ്യപ്പെട്ടു.

ജമ്മു–കാഷ്മീരിൽ എട്ട് സൈനികർ കൊല്ലപ്പെട്ടു. കഴിഞ്ഞ അഞ്ച് മാസത്തിനിടെ 50 തീവ്രവാദികൾ അതിർത്തി കടന്നെത്തി. കേന്ദ്രആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കുകളാണിവ. അതേസമയം ഇന്ത്യയിൽ ആർ.എസ്.എസ് പാക്കിസ്‌ഥാൻ ഹൈക്കമ്മീഷണർ അടക്കമുള്ളവർക്ക് ഇഫ്താർ നൽകുകയാണ്. തിരിച്ചു പാക്കിസ്‌ഥാൻ ഹൈക്കമ്മീഷണർ നൽകിയ ഇഫ്താറിലും ആർ.എസ്.എസ് പ്രവർത്തകർ പങ്കെടുക്കുന്നു. രാജ്യത്തെ ജവാന്മാർ മരിച്ചുവീഴുമ്പോഴുള്ള ആഘോഷം എത്രനാൾ തുടരുമെന്നു മോദിയും സർക്കാരും വ്യക്‌തമാക്കണം.


മുംബൈ ഭീകരാക്രമണത്തിനുശേഷം കോൺഗ്രസ് ഒരിക്കലും പാക്കിസ്‌ഥാനുമായുള്ള നിലപാടിൽ സന്ധി ചെയ്തിട്ടില്ല. മുംബൈ ഭീകരാക്രമണത്തിന് പിന്നിലെ കുറ്റക്കാരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്ന നിലപാടിൽ ഉറച്ചു നിന്നു. ഇതിനിടെ ഒരിക്കൽപ്പോലും കോൺഗ്രസ് പ്രധാനമന്ത്രി പാക്കിസ്‌ഥാനിൽ പോയിട്ടില്ല. ജന്മദിന ആഘോഷത്തലും കല്യാണത്തിലും പങ്കെടുത്തിട്ടുമില്ല. എന്നാൽ മോദി സർക്കാർ അധികാരത്തിൽ വന്ന ശേഷം ഗുരുദാസ്പൂർ, പത്താൻകോട്ട്, ഇപ്പോൾ പേരംബൂർ ഭീകരാക്രമണങ്ങൾ ഉണ്ടായി. നയതന്ത്ര രംഗത്ത് പ്രധാനമന്ത്രിക്ക് ഒരു അനുഭവ സമ്പത്തുമില്ല. കേവലം സൗണ്ട് ആൻഡ് ലൈറ്റ് ഷോയല്ല നയതന്ത്രജ്‌ഞതയെന്നും കപിൽ സിബിൽ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.