ഡീസൽ വാഹനവിലക്ക് കൂടുതൽ നഗരങ്ങളിലേക്ക്
ഡീസൽ വാഹനവിലക്ക് കൂടുതൽ നഗരങ്ങളിലേക്ക്
Monday, May 30, 2016 12:42 PM IST
<ആ>സ്വന്തം ലേഖകൻ

ന്യൂഡൽഹി: ഡീസൽ വാഹനങ്ങളുടെ വിലക്ക് കൂടുതൽ നഗരങ്ങളിലേക്കു വ്യാപിപ്പിച്ചേക്കും. ഡൽഹിയിൽ ഏർപ്പെടുത്തിയ നിരോധനം മുംബൈ, ചെന്നൈ, ബംഗളൂരു, ലക്നോ, പാറ്റ്ന, കോൽക്കത്ത തുടങ്ങി 11 നഗരങ്ങളിലേക്കു വ്യാപിപ്പിക്കാനാണു നീക്കം. ഈ നഗരങ്ങളിൽ വാഹനങ്ങളിൽ നിന്നുള്ള മലിനീകരണം സംബന്ധിച്ച വിവരങ്ങൾ കൈമാറണമെന്ന് ആവശ്യപ്പെട്ട് ദേശീയ ഹരിത ട്രൈബ്യൂണൽ ബന്ധപ്പെട്ട സംസ്‌ഥാനങ്ങൾക്ക് നോട്ടീസ് അയച്ചു. എന്നാൽ, ഡീസൽ വാഹനങ്ങൾക്കു നിയന്ത്രണം ഏർപ്പെടുത്തിയതു മറ്റു നഗരങ്ങളിലേക്കു വ്യാപിപ്പിക്കാനുള്ള നീക്കത്തിൽ നിന്നു പിന്മാറണമെന്നു കേന്ദ്ര സർക്കാർ ഗ്രീൻ ട്രൈബ്യൂണലിനോട് ആവശ്യപ്പെട്ടു.

ഏറ്റവും കൂടുതൽ അന്തരീക്ഷ മലിനീകരണമുള്ള നഗരങ്ങൾ, ഡീസൽ വാഹനങ്ങളുടെ എണ്ണം, ജനസംഖ്യ, മലിനീകരണ തോത് എന്നീ വിവരങ്ങളാണു റിപ്പോർട്ടിൽ ഉൾപ്പെടുത്തേണ്ടത്. മറുപടി നൽകാൻ വൈകുന്നതിനെ വിമർശിച്ച ട്രൈബ്യൂണൽ, ഇന്നു കേസ് പരിഗണിക്കുന്നതിനു മുമ്പ് റിപ്പോർട്ട് ലഭിച്ചില്ലെങ്കിൽ ചീഫ് സെക്രട്ടറിമാർ നേരിട്ടു ഹാജരാകേണ്ടിവരുമെന്നും അല്ലാത്തപക്ഷം അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കുമെന്നും അന്ത്യശാസനം നൽകി.


നഗരങ്ങളിൽ അന്തരീക്ഷ മലിനീകരണം സൃഷ്‌ടിക്കുന്ന ഡീസൽ വാഹനങ്ങളുടെ പെരുപ്പം നിയന്ത്രിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിലാണ് എല്ലാ സംസ്‌ഥാനങ്ങളോടും ദേശീയ ഹരിത ട്രൈബ്യൂണൽ റിപ്പോർട്ട് തേടിയിരിക്കുന്നത്.

അതിനിടെ ഡീസൽ വാഹന നിയന്ത്രണം ഡൽഹിക്കു പുറത്തേക്ക് നീട്ടരുതെന്നാവശ്യപ്പെട്ട് കേന്ദ്ര സർക്കാർ ഹരിത ട്രൈബ്യൂണലിൽ അപേക്ഷ നൽകി. പ്രധാന നഗരങ്ങളിൽ നിരോധനം ഏർപ്പെടുത്തുന്നത് വൻകിട വാഹന വ്യവസായത്തെ ദോഷകരമായി ബാധിക്കുമെന്നും സർക്കാർ ചൂണ്ടിക്കാട്ടി. ഡീസൽ വാഹന നിയന്ത്രണം അപ്രായോഗികമായ നിർദേശമാണെന്നു കേന്ദ്ര ധനമന്ത്രി അരുൺ ജയ്റ്റ്ലിയും അഭിപ്രായപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.