മനുഷ്യക്കടത്ത് തടയാൻ ബിൽ: കരട് പുറത്തിറക്കി
Monday, May 30, 2016 12:42 PM IST
ന്യൂഡൽഹി:മനുഷ്യക്കടത്തു തടയുന്നതിനും ഇരകളുടെ സംരക്ഷണവും പുനരധിവാസവും ഉറപ്പാക്കുന്നതിനും കേന്ദ്ര സർക്കാർ പുതിയ ബിൽ തയാറാക്കുന്നു. മനുഷ്യക്കടത്ത് തടയൽ, സംരക്ഷണ, പുനരധിവാസ ബിൽ 2016ന്റെ കരട് വനിത ശിശുക്ഷേമ മന്ത്രി മേനക ഗാന്ധി ഇന്നലെ പുറത്തിറക്കി. ഈ വർഷം അവസാനത്തോടെ ബിൽ പ്രാബല്യത്തിൽ വരുത്താനാണ് ഉദ്ദേശം. നിലവിലെ സാഹചര്യത്തിൽ മനുഷ്യക്കടത്ത് നടത്തുന്നവരെയും ഇരകളാകുന്നവരെയും കുറ്റവാളികളായി പരിഗണിക്കുന്ന സ്‌ഥിതിയാണു രാജ്യത്തുള്ളത്.

ഇരകളുടെ അവകാശങ്ങൾക്ക് പൂർണ പരിഗണന നൽകി അവരെ സംരക്ഷിക്കാനും പുനരധിവസിപ്പിക്കാനുമുള്ള രീതി ഉണ്ടാകുന്ന തരത്തിലാണു ബില്ലിനു രൂപം നൽകിയിരിക്കുന്നതെന്നു മന്ത്രി വ്യക്‌തമാക്കി. എല്ലാ ജില്ലകളിലും കളക്ടറുടെയോ മജിസ്ട്രേറ്റിന്റെയോ നേതൃത്വത്തിൽ മനുഷ്യക്കടത്തു തടയാൻ സമിതികൾ രൂപീകരിക്കും. എല്ലാ ജില്ലകളിലും നടക്കുന്ന മനുഷ്യക്കടത്ത് കേസിെൻറ ഉത്തരവാദിത്വം ഈ സമിതിക്കായിരിക്കും. ഇരകൾക്കു സർക്കാർ അഭയ മന്ദിരങ്ങളിൽ സുരക്ഷിതമായ താമസം ഒരുക്കണം. കുറ്റവാളികളെ കണ്ടെത്തി ശിക്ഷിക്കുന്നതിനൊപ്പം ഇരയാക്കപ്പെട്ടവരെ പുനരധിവസിപ്പിക്കുന്നതിനും ബില്ല് മുഖ്യപരിഗണന നൽകുന്നു.


ഇതിനായി സംസ്‌ഥാന തലത്തിൽ ഫണ്ടിനു രൂപം നൽകും. മറ്റു സംസ്‌ഥാനങ്ങളിൽ നിന്നും രാജ്യങ്ങളിൽ നിന്നും കടത്തിക്കൊണ്ടുവന്നവരെ അവരവരുടെ നാടുകളിലെത്തിക്കാൻ ബന്ധപ്പെട്ട വകുപ്പുകളുമായി കൂട്ടായ പ്രവർത്തനം ഉറപ്പാക്കണം. ഇരകളുടെ പേരോ തിരിച്ചറിയാവുന്ന വിവരങ്ങളോ വെളിപ്പെടുത്തരുതെന്നും ബില്ലിന്റെ കരടുരൂപത്തിൽ നിർദേശിക്കുന്നു. ജോലിക്ക് ആളെ എത്തിച്ചു നൽകുന്നതിനായി നൽകുന്ന പരസ്യങ്ങൾ മനുഷ്യക്കടത്തിന് മറയായി ഉപയോഗിക്കുന്ന ഒട്ടേറെ കേസുകൾ ഉണ്ടായ സാഹചര്യത്തിൽ പ്ളേസ്മെൻറ് ഏജൻസികളുടെ റജിസ്ട്രേഷൻ കർശനമാക്കും.

ലൈംഗിക വ്യാപാരത്തിന് ഉപയോഗിക്കാനായി പെൺകുട്ടികളിൽ ഹോർമോണുകൾ കുത്തിവയ്ക്കുന്നതും ഭിക്ഷാടനത്തിന് നിയോഗിക്കാനായി രാസവസ്തുക്കൾ പ്രയോഗിച്ച് ശരീരത്തിൽ വൈകല്യങ്ങളുണ്ടാക്കുന്നതും കുറ്റകരമാണ്. വനിതാ ശിശുക്ഷേമ മന്ത്രാലയത്തിെൻറ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച ബില്ലിന്റെ കരടു സംബന്ധിച്ച് പൊതുജനങ്ങൾക്കും സംഘടനകൾക്കും സാമൂഹിക പ്രവർത്തകർക്കും അഭിപ്രായങ്ങളറിയിക്കാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.