തിരുവനന്തപുരം: കേരള സർവകലാശാല വിദൂരവിദ്യാഭ്യാസ പഠനകേന്ദ്രത്തിൽ ബിരുദ ബിരുദാനന്തര വിഭാഗങ്ങളിലായി 25 കോഴ്സുകൾക്ക് ഇന്നുമുതൽ ഓൺലൈനായി (sde.kerala univer sity.ac.inഎന്ന ലിങ്കിൽ) അപേക്ഷിക്കാം. യുജിസി വിദൂരവിദ്യാഭ്യാസ ബ്യൂറോയുടെ അംഗീകാരത്തോടെ 2017 -18 അക്കാദമിക്ക് വർഷത്തേക്ക് ബിഎ, ബിഎസ്സി, ബികോം, ബിഎൽഐഎസ്സി, എംഎ, എംഎസ്സി, എംകോം, എംഎൽഐഎസ്സി BA, BSc, BCom, BLisc, MA, MSc, MCom, MLisc) എന്നീ കോഴ്സുകളിലേക്കാണ് ഈ വർഷം പ്രവേശനം നടത്തുക. യുജിസി അംഗീകാരം പുനഃസ്ഥാപിച്ചതിനെ തുടർന്നു വിദൂരവിദ്യാഭ്യാസ കേന്ദ്രം പ്രവേശനപരിപാടികൾ ആരംഭിക്കുന്നത് ആയിരക്കണക്കിന് വിദ്യാർഥികൾക്കാവും ഗുണംചെയ്യുക.
കഴിഞ്ഞ രണ്ട് വർഷങ്ങളിലും യുജിസി അംഗീകാരം നഷ്ടമായതിനെതുടർന്ന് പ്രവേശനം നടത്താൻ സർവകലാശാലയ്ക്ക് സാധിച്ചിരുന്നില്ല. യുജിസിയുടെ വിദഗ്ധസമിതി വിദൂരവിദ്യാഭ്യാസകേന്ദ്രം സന്ദർശിക്കുകയും കോഴ്സുകൾ, അധ്യാപനം, കോൺടാക്ട് ക്ലാസുകൾ, ലൈബ്രറി, ലബോറട്ടറി തുടങ്ങി വിവിധ ഘടകങ്ങളുടെ നിലവാരം വിലയിരുത്തിയ ശേഷം പൂർണ തൃപ്തി അറിയിച്ചതിനെ തുടർന്നാണ് അംഗീകാരം പുനഃസ്ഥാപിച്ചത്. വിദൂര വിദ്യാഭ്യാസ ബ്യൂറോയുടെ നിർദേശത്തെ തുടർന്ന് നേരത്തേതന്നെ ലേണേഴ്സ് സപ്പോർട്ട് സെന്ററുകൾ നിർത്തലാക്കുകയും റഗുലർ മോഡിൽ സർവകലാശാല നൽകാത്ത ചില സർട്ടിഫിക്കറ്റ് ഡിപ്ലോമ കോഴ്സുകൾ, മാനേജ്മെന്റ് കോഴ്സുകൾ എന്നിവ നിർത്തലാക്കി യുജിസി ആവശ്യപ്പെട്ട സത്യവാങ്മൂലം നൽകുകയും ചെയ്തിരുന്നു.
കേരള സർവകലാശാലയുടെ റഗുലർ കോഴ്സുകളുടെ അതേ സിലബസ് ആയിരിക്കും വിദൂരവിദ്യാഭ്യാസ കോഴ്സുകളും പിന്തുടരുക. പൂർണമായും ഓൺലൈൻ സംവിധാനത്തിലായിരിക്കും ഇത്തവണ പ്രവേശനം നൽകുക. കോഴ്സ് വിവരങ്ങൾ, ഫീസ്, സിലബസ്, എന്നിങ്ങനെയുള്ള കൂടുതൽ വിശദാംശങ്ങൾക്ക് ideku.net എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.