തോമസ് ജേക്കബിന് സ്വദേശാഭിമാനി– കേസരി അവാർഡ്
തോമസ് ജേക്കബിന് സ്വദേശാഭിമാനി– കേസരി അവാർഡ്
Friday, December 9, 2016 4:22 PM IST
തിരുവനന്തപുരം: സംസ്‌ഥാന സർക്കാരിന്റെ 2015ലെ സ്വദേശാഭിമാനി – കേസരി അവാർഡ് മലയാള മനോരമ എഡിറ്റോറിയൽ ഡയറക്ടർ തോമസ് ജേക്കബിന്. മാധ്യമമേഖലയ്ക്ക് നൽകിയ സമഗ്രസംഭാവനകൾ മുൻനിർത്തിയാണ് ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്പവും ഉൾപ്പെടുന്ന പുരസ്കാരം. മുഖ്യമന്ത്രി പിണറായി വിജയൻ തോമസ് ജേക്കബിനെ ഫോണിൽ അവാർഡ് വിവരം അറിയിക്കുകയും അനുമോദിക്കുകയും ചെയ്തു.

കേരള മീഡിയ അക്കാദമി ചെയർമാൻ ആർ.എസ്. ബാബു അധ്യക്ഷനും എഴുത്തുകാരനും മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയുമായ ഡോ. ഡി. ബാബുപോൾ, പത്രപ്രവർത്തകരായ എസ്.ആർ. ശക്‌തിധരൻ, എം.ജി. രാധാകൃഷ്ണൻ എന്നിവർ അംഗങ്ങളുമായ അവാർഡ് നിർണയ സമിതിയാണ് ജേതാവിനെ ഐകകണ്ഠ്യേന തെരഞ്ഞെടുത്തത്. ആറാമത്തെ സ്വദേശാഭിമാനി–കേസരി അവാർഡാണ് ഇത്. ടി. വേണുഗോപാലൻ, ശശികുമാർ, ബി.ആർ.പി. ഭാസ്കർ, വി.പി. രാമചന്ദ്രൻ, കെ.എം. റോയി എന്നിവർക്കാണ് മുമ്പ് ഈ പുരസ്കാരം ലഭിച്ചിട്ടുള്ളത്.

അര നൂറ്റാണ്ടിലേറെയായി മാധ്യമരംഗത്ത് സജീവമായി തുടരുന്ന തോമസ് ജേക്കബ് മലയാള പത്രപ്രവർത്തനത്തിന്റെ പുരോഗതിക്കു നൽകിയ സംഭാവന വിലയേറിയതാണെന്നും മേഖലയെ അന്തർദേശീയ നിലവാരത്തിലെത്തിച്ചവരിൽ പ്രമുഖനാണെന്നും സമിതി വിലയിരുത്തി.


കാർട്ടൂണിസ്റ്റാകാൻ വന്ന് മലയാള മനോരമ പത്രാധിപസമിതിയുടെ നേതൃസ്‌ഥാനത്തെത്തിയ കഥയാണ് സജീവപത്രപ്രവർത്തനത്തിൽ 56 വർഷം തികയ്ക്കുന്ന തോമസ് ജേക്കബിന്റേത്. പത്രപ്രവർത്തനരംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള എൻ.വി. പൈലി പ്രൈസ്, കെ. വിജയരാഘവൻ പുരസ്കാരം, കെ.വി. ദാനിയേൽ അവാർഡ്, സി.എച്ച്. മുഹമ്മദ് കോയ അവാർഡ് എന്നിവയും ലഭിച്ചിട്ടുണ്ട്. കഥക്കൂട്ട്, കഥാവശേഷർ, പത്രപ്രവർത്തകൻ ടി. വേണുഗോപാലുമായി ചേർന്ന് പ്രാദേശികപത്രപ്രവർത്തകർക്കായി നാട്ടുവിശേഷം എന്നീ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.

പത്തനംതിട്ട ജില്ലയിലെ ഇരവിപേരൂർ തൈപ്പറമ്പിൽ ശങ്കരമംഗലം കുടുംബാംഗമാണ്. ഭാര്യ അമ്മു. മൂന്നു മക്കൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.