നോട്ട് പ്രതിസന്ധി: മുഖ്യമന്ത്രിമാരുടെ യോഗം വിളിക്കണമെന്ന് ഉമ്മൻ ചാണ്ടി
നോട്ട് പ്രതിസന്ധി: മുഖ്യമന്ത്രിമാരുടെ യോഗം വിളിക്കണമെന്ന് ഉമ്മൻ ചാണ്ടി
Friday, December 2, 2016 4:28 PM IST
തിരുവനന്തപുരം: നോട്ട് പ്രതിസന്ധിയുമായി ബന്ധപ്പെട്ടു ജനങ്ങളുടെ ബുദ്ധിമുട്ടുകൾ സംബന്ധിച്ചു വിലയിരുത്തൽ നടത്താൻ രാജ്യത്തെ ഫെഡറൽ സംവിധാനത്തെ വിശ്വാസത്തിലെടുത്തു സംസ്‌ഥാന മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചുചേർക്കാൻ കേന്ദ്രസർക്കാർ തയാറാകണമെന്നു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടു. നോട്ട് നിരോധനവുമാ യി ബന്ധപ്പെട്ട് ആരെയും വിശ്വാസത്തിലെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തയാറാകാത്തതാണു ജനങ്ങളുടെ ബുദ്ധിമുട്ടു വർധിപ്പിക്കുന്നത്. രാജ്യത്തെ പ്രമുഖ രാഷ്ട്രീയകക്ഷി നേതാക്കളുടെ യോഗം വിളിക്കാനും പ്രധാനമന്ത്രി തയാറാകണം.

ഒരു കാര്യത്തിൽ തീരുമാനം എടുക്കേണ്ട ഘടകം സമരമല്ല. പ്രതിഷേധം ഏതു വിധത്തിലും ആകാം. രാജ്യത്തെ പ്രതിപക്ഷ കക്ഷികളെല്ലാം ഇതു സംബന്ധിച്ച് ഒരേ സ്വരത്തിലാണു സംസാരിക്കുന്നത്.കള്ളപ്പണം തടയുന്ന കേന്ദ്ര നടപടിയെ ആരും എതിർക്കില്ല. എന്നാൽ, തുടർന്നു നടപ്പാക്കിയതു ജനാധിപത്യ മാതൃകയല്ല.

സംസ്‌ഥാനത്ത് ഇതു സംബന്ധിച്ച് ഏതു തരത്തിലുള്ള പ്രതിഷേധം വേണമെന്ന കാര്യത്തിൽ ഇനിയും തീരുമാനങ്ങൾ ഉണ്ടാകേണ്ടിയിരിക്കുന്നുവെന്നും എൽഡിഎഫ്–യുഡിഎഫ് യോജിച്ചസമരവുമായി ബന്ധപ്പെട്ട മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്കു മറുപടിയായി ഉമ്മൻ ചാണ്ടി പറഞ്ഞു.

തന്റെ നേതൃത്വത്തിലുള്ള കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ അവസാന കാലത്തെ ഉത്തരവുകളെ സംബന്ധിച്ച് ഇല്ലാത്തൊരു പ്രചാരണം നടന്നു. ഇതിനു അറിഞ്ഞോ അറിയാതെയോ മാധ്യമങ്ങളും പങ്കാളികളായി. കഴിഞ്ഞ തെരഞ്ഞെടുപ്പു സമയത്ത് വിവാദ ഉത്തരവുകൾ എന്ന പേരിൽ ഇതു സർക്കാരിനെതിരേ എൽഡിഎഫ് പ്രചാരണായുധമാക്കി. എന്നാൽ, പിന്നീട്, എൽഡിഎഫ് സർക്കാർ ഇതുസംബന്ധിച്ചു പരിശോധന നടത്തിയിട്ട് കാര്യമായിട്ടൊന്നും കണ്ടെത്താൻ കഴിഞ്ഞില്ല.


ആറന്മുള വിമാനത്താവളത്തിലും ഹോപ് ഫൗണ്ടേഷനിലും യുഡിഎഫ് സർക്കാർ പുതിയ ഉത്തരവ് ഇറക്കിയില്ല. ഹോപ് ഫൗണ്ടേഷൻ കേസിൽ വിജിലൻസ് റിപ്പോർട്ട് ഇതു വ്യക്‌തമാക്കുന്നു. വി.എസ്. അച്യുതാനന്ദൻ സർക്കാരാണ് ആറന്മുള സംബന്ധിച്ച വിവാദ ഉത്തരവുകൾ ഇറക്കിയത്. പിണറായി സർക്കാർ റദ്ദാക്കിയതും വി.എസിന്റെ കാലത്തെ ഉത്തരവുകളായിരുന്നു.

കഴിഞ്ഞ സർക്കാരിന്റെ കാലത്തെ വിവാദ ഉത്തരവുകൾ ഇറക്കിയില്ലെന്നു കെപിസിസി പ്രസിഡന്റ് വി.എം. സുധീരന് അറിയില്ലായിരുന്നോ എന്ന ചോദ്യത്തിനു ഉമ്മൻ ചാണ്ടി മറുപടി പറഞ്ഞില്ല. ചെറുവള്ളി എസ്റ്റേറ്റിൽ പുതിയ വിമാനത്താവളം സ്‌ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യത്തിനു സ്‌ഥലം എവിടെയെന്ന് ആദ്യം സർക്കാർ തീരുമാനിക്കട്ടെയെന്നായിരുന്നു ഉമ്മൻ ചാണ്ടിയുടെ മറുപടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.