ജേക്കബ് തോമസിനു കുരുക്കായി ചട്ടലംഘനം; അന്വേഷിക്കാമെന്ന് സിബിഐ
ജേക്കബ് തോമസിനു കുരുക്കായി ചട്ടലംഘനം; അന്വേഷിക്കാമെന്ന് സിബിഐ
Monday, October 24, 2016 1:08 PM IST
കൊച്ചി: വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ് കെടിഡിഎഫ്സിയുടെ എംഡിയായിരിക്കെ, അവധിയെടുത്തു ചട്ടവിരുദ്ധമായി സ്വകാര്യസ്‌ഥാപനത്തിൽ ജോലി നോക്കിയെന്ന ആരോപണം അന്വേഷിക്കാൻ തയാറാണെന്നു സിബിഐ ഹൈക്കോടതിയിൽ ബോധിപ്പിച്ചു.

കെടിഡിഎഫ്സിയുടെ എംഡിയായിരിക്കെ ജേക്കബ് തോമസ് 2009 മാർച്ച് ആറു മുതൽ ജൂൺ ആറുവരെ അവധിയെടുത്തു കൊല്ലത്തെ ടികെഎം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ ഡയറക്ടറായി ജോലി നോക്കിയെന്നും ഈ ഇനത്തിൽ പ്രതിമാസം 1.69 ലക്ഷം രൂപ കൈപ്പറ്റിയെന്നുമുള്ള പരാതിയിൽ കാര്യക്ഷമമായി അന്വേഷണം നടന്നില്ലെന്നു ചൂണ്ടിക്കാട്ടി കൂത്തുപറമ്പ് സ്വദേശി സത്യൻ നരവൂർ നൽകിയ ഹർജിയിലാണു സിബിഐ ഇക്കാര്യം വ്യക്‌തമാക്കിയത്. വ്യക്‌തിപരമായ നേട്ടത്തിനുവേണ്ടി ഒരു സീനിയർ പൊതുസേവകൻ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തെന്നും ഇതുവഴി ഔദ്യോഗികമായ പെരുമാറ്റദുഷ്യമുണ്ടായെന്നുമുള്ള പരാതി ഗൗരവമാണെന്നും അന്വേഷണം ഏറ്റെടുക്കാൻ തയാറാണെന്നുമാണു സിബിഐ തങ്ങളുടെ അഭിഭാഷകൻ മുഖേന മറുപടി നൽകിയത്.


പരാതി ഉയർന്നതോടെ ജേക്കബ് തോമസ് സ്വകാര്യ സ്‌ഥാപനത്തിൽനിന്നു പ്രതിഫലം കൈപ്പറ്റിയ വിഷയം വിജിലൻസ് അന്വേഷിച്ചെങ്കിലും പ്രതിഫലമായി ലഭിച്ച തുക 2011 സെപ്റ്റംബർ രണ്ടിനു തിരിച്ചു നൽകിയെന്നായിരുന്നു കണ്ടെത്തിയത്. വിജിലൻസ് നടത്തിയ അന്വേഷണം കണ്ണിൽ പൊടിയിടുന്ന തരത്തിലുള്ളതാണെന്നു ചൂണ്ടിക്കാട്ടിയാണു ഹർജിക്കാരൻ സിബിഐ അന്വേഷണം ആവശ്യ പ്പെട്ടത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.