മണ്ണാറശാല ആയില്യം മഹോത്സവത്തിനു സമാപനം
മണ്ണാറശാല ആയില്യം മഹോത്സവത്തിനു സമാപനം
Monday, October 24, 2016 1:08 PM IST
ഹരിപ്പാട്: നാഗപ്രീതിക്കായി കാത്തുനിന്ന ഭക്‌തജനങ്ങൾക്കു ദർശനപുണ്യമേകി പരമ്പരാഗത ആചാരാനുഷ്ഠാനങ്ങളോടെ മണ്ണാറശാല ശ്രീ നാഗരാജക്ഷേത്രത്തിലെ ഈ വർഷത്തെ ആയില്യം മഹോത്സവം സമാപിച്ചു. പ്രധാന ചടങ്ങായ ആയില്യം എഴുന്നള്ളത്ത് ഇന്നലെ ഉച്ചകഴിഞ്ഞു രണ്ടോടെ ആരംഭിച്ചു.

ഉച്ചപൂജയ്ക്കുശേഷം നിലവറയോടു ചേർന്നുള്ള തളത്തിൽ ശംഖ്, കുരവ, എന്നിവയുടെ അകമ്പടിയോടെ കുടുംബ കാരണവരുടെ നേതൃത്വത്തിൽ ആയില്യം പൂജയ്ക്കായുള്ള നാഗപത്മക്കളം പൂർത്തിയാക്കിയതിനെത്തുടർന്ന് മണ്ണാറശാല വലിയമ്മ തീർഥക്കുളത്തിൽ കുളിച്ചശേഷം ഇളയമ്മ, കുടുംബത്തിലെ ഏറ്റവും മുതിർന്ന കാരണവന്മാർ എന്നിവർക്കൊപ്പം ക്ഷേത്രത്തിലെത്തി, അമ്മ ശ്രീകോവിലിൽ പ്രവേശിച്ചശേഷം ശ്രീകോവിലിനുള്ളിൽനിന്നു കുത്തു വിളക്കിലേയ്ക്ക് ദീപം പകർന്നതോടെ ആയില്യം എഴുന്നള്ളത്തിന്റെ മുന്നോടിയായുള്ള ശംഖ്, തിമിലപ്പാണി, വായ്ക്കുരവ എന്നിവ മുഴങ്ങി. ഇതോടെ മണ്ണാറശാല അമ്മ ഉമാദേവി അന്തർജനം നാഗരാജാവിന്റെ തിരുമുഖവും നാഗഫണവും കൈയിലേന്തി ക്ഷേത്രത്തിന്റെ തെക്കേനടയിലൂടെ പുറത്തേക്കിറങ്ങി.


ഒപ്പം ഇളയമ്മ സാവിത്രി അന്തർജനം സർപ്പയക്ഷിയമ്മയുടേയും, കാരണവന്മാരായ പരമേശ്വരൻനമ്പൂതിരി നാഗ ചാമുണ്ഡിയമ്മയുടേയും വാസുദേവൻനമ്പൂതിരി നാഗയക്ഷിയമ്മയുടേയും വിഗ്രഹങ്ങൾ ശിരസിലുമേന്തി പുറത്തേക്കിറങ്ങി. ഇവർ ഛത്ര ചാമര ധ്വജങ്ങളോടും, പഞ്ചവാദ്യം, നാഗസ്വരം, തകിൽ, തിമില തുടങ്ങിയ വാദ്യങ്ങളുടെ അകമ്പടിയോടെയും ക്ഷേത്രത്തിനു വലംവെച്ച് ക്ഷേത്രത്തിന് വടക്കുഭാഗത്തുള്ള നിലവറയിലേക്ക് എഴുന്നള്ളി.

എഴുന്നള്ളത്ത് ഇല്ലത്ത് എത്തിച്ചേർന്നതോടെ അമ്മയുടെ പതിവുപൂജകൾ ആരംഭിച്ചു. തുടർന്നു ആയില്യംപൂജകൾ ആരംഭിച്ചു, നൂറുംപാലും, ഗുരുതി അടക്കമുള്ള പൂജകൾക്കുശേഷം അമ്മയുടെ അനുമതിയോടെ കുടുബകാരണവർ ആകാശസർപ്പങ്ങളെ സങ്കല്പിച്ച് തട്ടിന്മേൽ നൂറും പാലും നടത്തി. അർധരാത്രിയോടെ ആയില്യം പൂജകൾ പൂർത്തിയായി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.