സോളാർ കേസ്: ഏകപക്ഷീയമായ വിധിയെന്ന് ഉമ്മൻ ചാണ്ടി
സോളാർ കേസ്: ഏകപക്ഷീയമായ വിധിയെന്ന് ഉമ്മൻ ചാണ്ടി
Monday, October 24, 2016 1:00 PM IST
തിരുവനന്തപുരം: ബംഗളൂരു സിറ്റി സിവിൽ കോടതിയിൽ നിന്നുണ്ടായിട്ടുള്ള വിധി തന്റെ ഭാഗം കേൾക്കാതെയുള്ള ഏകപക്ഷീയമായ വിധിയാണെന്നു മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. വിധി പകർപ്പിൽ തന്നെ ഇത് എക്സ് പാർട്ടി വിധിയാണെന്ന് വ്യക്‌തമാക്കിയിട്ടുണ്ട്. ഈ കേസിൽ തന്റെ ഭാഗം കേൾക്കുകയോ തെളിവോ പത്രികയോ നൽകാൻ തനിക്ക് അവസരം നൽകുകയോ അതിന്റെ അടിസ്‌ഥാനത്തിൽ വിചാരണ നടത്തുകയോ ചെയ്തിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.

ബാംഗളൂരു കോടതിയിൽ നിന്നു ലഭിച്ച നോട്ടീസ് പ്രകാരം തന്റെ കേസ് നടത്താൻ അഡ്വക്കറ്റ് രവീന്ദ്രനാഥിനു വക്കാലത്ത് നൽകിയിരുന്നുവെന്നും എന്നാൽ പിന്നീടു തനിക്ക് കോടതിയിൽ നിന്ന് ഒരു സമൻസും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയായിരുന്ന അവസരത്തിൽ എം.കെ. കുരുവിള നേരിൽക്കണ്ട് തന്റെ ബന്ധുവായ ഒരു ആൻഡ്രൂസും പിഎ ആയ ദൾജിത്തും ചേർന്നു കബളിപ്പിച്ചു പണം തട്ടിയെടുത്തതായി പരാതി നൽകുകയുണ്ടായി. കുരുവിള പറഞ്ഞ പ്രകാരം ആൻഡ്രൂസ് പേരിൽ ഒരു ബന്ധുവോ ദൾജിത്ത് എന്ന പേരിൽ ഒരു പിഎയോ എനിക്കില്ല.


എങ്കിലും കുരുവിളയുടെ പരാതി അന്നത്തെ ഡിജിപി ബാലസുബ്രഹ്മണ്യത്തിന് അന്വേഷണത്തിനായി നൽകി പ്രതികളെ അറസ്റ്റ് ചെയ്ത് തുടർ അന്വേഷണം നടത്തുകയുണ്ടായി. ഇതിന്റെ തുടർവിവരങ്ങൾ അറിയില്ല.

ഇന്നത്തെ വിധിയുടെ വിശദാംശങ്ങൾ ദൃശ്യമാധ്യമങ്ങളിലൂടെയാണ് അറിയാൻ കഴിഞ്ഞത്. കോടതിയിൽ നിന്നു വിധിപ്പകർപ്പും ഡ്രിക്രിയും ലഭിച്ചാലുടൻ പ്രസ്തുത വിധി അസ്‌ഥിരപ്പെടുത്താൻ നടപടി സ്വീകരിക്കും. ഈ കാര്യത്തിൽ നേരിട്ടോ അല്ലാതെയോ തനിക്കു യാതൊരു പങ്കുമില്ലെന്നും കോടതിയെ ഇതു ബോധ്യപ്പെടുത്താൻ കഴിയുമെന്ന് ഉറപ്പുണ്ടെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.