വിദഗ്ധ സേവനമില്ല; എച്ച്ഐവി ബാധിതരായ കുട്ടികൾ ദുരിതത്തിൽ
വിദഗ്ധ സേവനമില്ല; എച്ച്ഐവി ബാധിതരായ കുട്ടികൾ ദുരിതത്തിൽ
Sunday, October 23, 2016 1:00 PM IST
മലപ്പുറം: എച്ച്ഐവി ആൻഡ് എയ്ഡ്സ് പ്രതിരോധ നിയന്ത്രണ ബിൽ ഭേദഗതി നടപ്പായെങ്കിലും എച്ച്ഐവി ബാധിതരായ കുട്ടികൾക്കുള്ള വിദഗ്ധസേവനവും അവകാശങ്ങളും ചോദ്യച്ചിഹ്നമാകുന്നു.

മെഡിക്കൽ കോളജുകളിലും എആർടി (ആന്റി റിട്രോവൈറൽ ട്രീറ്റ്മെന്റ്) ക്ലിനിക്കുകളിലും എച്ച്ഐവി ബാധിതരായ മുതിർന്നവർക്കുള്ള ഡോക്ടർമാരും കൗൺസലർമാരും ഉണ്ടെങ്കിലും കുട്ടികൾക്കു പീഡിയാട്രീഷനും പ്രത്യേക കൗൺസലറുമില്ല. എആർടി സെന്ററുകളിൽ മരുന്നുകളില്ലാത്തതും കുട്ടികളെ ബാധിക്കുന്നുണ്ട്. കുട്ടികൾക്കുള്ള മരുന്നിനു പകരം മുതിർന്നവർക്കുള്ള മരുന്നു പകുതിയാക്കി നൽകുന്നതും പതിവാണ്. ആരോഗ്യശേഷി, വയസ്, തൂക്കം എന്നിവയ്ക്കനുസരിച്ചാണു മരുന്നു നൽകുന്നത്. മരുന്നു കിട്ടാതെ വരുമ്പോൾ മാനസിക സമ്മർദം കൂടും. പ്രതിരോധശേഷി തകരാറിലാകുകയും ചെയ്യും.

മറ്റു രോഗങ്ങൾക്കും പാർശ്വഫലങ്ങൾക്കും ഇതു കാരണമാകുന്നു. വിറ്റാമിൻ ഗുളിക പോലും പലേടത്തും നൽകുന്നില്ല. അനുബന്ധ അസുഖം വന്നാൽ മരുന്നു വേറെ സ്‌ഥലത്തുനിന്നു വാങ്ങണം. മെഡിക്കൽ കോളജ് അടക്കമുള്ള ചില സർക്കാർ ആശുപത്രികളിൽ എച്ച്ഐവി ബാധിച്ച കുട്ടികളുടെ ശസ്ത്രക്രിയചെയ്യാൻ വിമുഖത പ്രകടിപ്പിക്കുന്നുണ്ടെന്നും പരാതിയുണ്ട്. എച്ച്ഐവി ബാധിതരായ കുട്ടികളെ ലോകാരോഗ്യ സംഘടന പ്രത്യേകം പരിഗണിക്കുമ്പോൾ സംസ്‌ഥാനത്തെ ആരോഗ്യമേഖല അവരോടു അയിത്തം കൽപിക്കുകയാണെന്നു ശിശുക്ഷേമ പ്രവർത്തകർ പറയുന്നു. സംസ്‌ഥാന എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുടെ കണക്കുപ്രകാരം സംസ്‌ഥാനത്ത് 904 കുട്ടികളാണ് എച്ച്ഐവി ബാധിതരായി ചികിത്സയിലുള്ളത്. 485 ആൺകുട്ടികളും 419 പെൺകുട്ടികളും. എച്ച്ഐവി ബാധിതരായ 919 ഗർഭിണികളും എആർടി സെന്ററുകളിൽ ചികിത്സ തേടിയിട്ടുണ്ട്.

എആർടി സെന്ററുകൾ വഴി പ്രതിരോധശേഷിക്കായുള്ള മരുന്നുകൾ വിതരണം ചെയ്യുന്നത് 526 കുട്ടികൾക്കാണെന്നും എയ്ഡ്സ് കൺട്രോൾ സൊസൈറ്റി അധികൃതർ അറിയിച്ചു. 271 ആൺകുട്ടികൾക്കും 255 പെൺകുട്ടികൾക്കും മരുന്നുവിതരണം ചെയ്യുന്നു. സംസ്‌ഥാനത്തെ എല്ലാ സർക്കാർ മെഡിക്കൽ കോളജുകളിലും പാലക്കാട്, കണ്ണൂർ, കൊല്ലം ജില്ലാ ആശുപത്രികളിലും കാസർഗോഡ്, എറണാകുളം ജനറൽ ആശുപത്രികളിലും സൗജന്യവിദഗ്ധ ചികിത്സ നൽകുന്ന ഉഷസ് കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്. പത്തനംതിട്ട, തിരൂർ, മഞ്ചേരി, മാനന്തവാടി, പൈനാവ്, കാഞ്ഞങ്ങാട് ജില്ലാ ആശുപത്രികളിലും നെയ്യാറ്റിൻകര, കൊട്ടാരക്കര, പുനലൂർ, താലൂക്ക് ആശുപത്രികളിലും എആർടി സെന്ററുകൾ പ്രവർത്തിക്കുന്നു.


സർക്കാർ മേഖലയിൽ പ്രത്യേകം പാർപ്പിടസൗകര്യമില്ലാത്തതും എയ്ഡ്സ് മൂലം ഉപേക്ഷിക്കപ്പെടുന്ന കുട്ടികളെ ദുരിതക്കയത്തിലാക്കുന്നുണ്ട്. എയ്ഡ്സ് ബാധിതരായ കുട്ടികളെ അനാഥാലയത്തിൽ പാർപ്പിക്കാതെ ബന്ധുക്കൾ ഏറ്റെടുത്തു സംരക്ഷിക്കണമെന്നാണു നിബന്ധന.

എച്ച്ഐവി ബാധിതർക്കു മികച്ച ചികിത്സ ലഭ്യമാക്കാനുള്ള സൗകര്യമാണ് ആന്റി റിട്രോവൈറൽ ട്രീറ്റ്മെന്റ്. എച്ച്ഐവി ബാധിതർക്കു ചിട്ടയായ ചികിത്സയും മരുന്നുകളും നൽകിയാൽ എയ്ഡ്സ് എന്ന രോഗാവസ്‌ഥയിലെത്താതെ ദീർഘകാലം ജിവിക്കാനാകും. ഇതിനായുള്ള കൗൺസലിംഗ്, മരുന്നുകൾ എന്നിവ ഉഷസ് കേന്ദ്രങ്ങൾ വഴി നൽകുന്നു. ദേശീയ എയ്ഡ്സ് നിയന്ത്രണ ഓർഗനൈസേഷനാണ് ഇതിനാവശ്യമായ മരുന്നുകൾ ലഭ്യമാക്കുന്നത്. ആദിവാസി കുട്ടികളിലെയും ഇതരസംസ്‌ഥാന തൊഴിലാളികളുടെ കുട്ടികളിലെയും എച്ച്ഐവി പരിശോധനയും പ്രതിരോധ സംവിധാനങ്ങളും കാര്യക്ഷമമായി നടപ്പാക്കണം. എച്ച്ഐവി ബാധിതരായ അമ്മമാരിൽനിന്നു കുട്ടികളിലേക്ക് എച്ച്ഐവി പകരുന്നതു തടയാനുള്ള തീവ്രയജ്‌ഞത്തിലാണ് എയ്ഡ്സ് കൺട്രോൾ സൊസൈറ്റി.

രഞ്ജിത് ജോൺ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.