സൗദിയിൽ ജോലിക്കുേപായ 13 സ്ത്രീകൾക്കു നരകയാതന
Sunday, October 23, 2016 1:00 PM IST
കുമ്പളം: മികച്ച ശമ്പളവും ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്തു സൗദിയിലേക്കു ജോലിക്കയച്ച 13 സ്ത്രീകളെ റിക്രൂട്ടിംഗ് ഏജൻസി വഞ്ചിച്ചതായി പരാതി. പൊള്ള വാഗ്ദാനങ്ങളിൽ കുരുങ്ങി സൗദിയിലേക്കു പുറപ്പെട്ട ഈ സ്ത്രീകൾ ഭക്ഷണവും വെള്ളവും കിട്ടാതെ അവിടെ നരകയാതന അനുഭവിക്കുകയാണെന്നും പരാതിയിൽ പറയുന്നു. കുമ്പളം ഓളിപ്പറമ്പിൽ റോബർട്ടാണു തന്റെ ഭാര്യയടക്കം 13 സ്ത്രീകൾ സൗദിയിൽ നരകയാതന അനുഭവിക്കുന്നതു കാട്ടി സിറ്റി പോലീസ് കമ്മീഷണർക്കു പരാതി നൽകിയത്.

സൗദിയിലെ പ്രമുഖ കമ്പനിയിൽ രണ്ടു വർഷത്തെ കരാറിൽ റിട്ടേൺ ടിക്കറ്റ്, ഓവർടൈം, ഭക്ഷണം, താമസം എന്നിവയും പ്രതിമാസം 24,000 ഇന്ത്യൻ രൂപയും വാഗ്ദാനം ചെയ്താണ് ഇക്കഴിഞ്ഞ ജൂണിൽ ഇവരെ കൊണ്ടുപോയത്.

എന്നാൽ, ഏജൻസി പറഞ്ഞതിനു വിരുദ്ധമായ കാര്യങ്ങളായിരുന്നു അവിടെ. ഒരു മാസത്തോളം വൃത്തിഹീനമായ സാഹചര്യത്തിലായിരുന്നു താമസവും ജോലിയും. ജോലി കുറവാണെന്നു പറഞ്ഞു മൂന്നു മാസമായി മുറിയിൽതന്നെ ഇരുത്തിയിരിക്കുകയാണ്. ഭക്ഷണവും കുടിവെള്ളവും കിട്ടാതെ പലരും രോഗികളായി. ഇതിനിടെ വേതനം എന്ന നിലയിൽ ഏകദേശം 9,800 രൂപ വരുന്ന സൗദി റിയാൽ മാത്രമാണു നൽകിയത്. അറബി സൂപ്പർവൈസറോടൊപ്പം എത്തിയ ദ്വിഭാഷിയോട് അന്വേഷിച്ചപ്പോഴാണ് ഇവർക്ക് ഏജൻസിയുടെ ചതി മനസിലായത്. ഫീസ്, വിമാന ടിക്കറ്റ്, മെഡിക്കൽ, വീസ എന്നീ ആവശ്യങ്ങൾ പറഞ്ഞ് ഒരു ലക്ഷത്തിൽപരം രൂപ ഏജൻസി ഇവരിൽനിന്നു കൈക്കലാക്കിയിരുന്നു. എന്നാൽ, ഫ്രീ വിസയും ശമ്പളം ഏകദേശം 14,000 ഇന്ത്യൻ രൂപയുമാണെന്നും ഏജന്റ് പണം കൈക്കലാക്കിയിട്ടുണ്ടെങ്കിൽ ഏജൻസിയോടു പറയണമെന്നും പറഞ്ഞ് കമ്പനി അധികൃതർ കൈയൊഴിഞ്ഞു.


ഇതിനിടെ, ഏജൻസിയെ പലതവണ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോൺ എടുത്തില്ല. ഇവരുടെ ദുരിതം ശ്രദ്ധയിൽപ്പെട്ട മലയാളി അസോസിയേഷൻ ഇന്ത്യൻ എംബസിയിൽ അറിയിച്ചതിനെത്തുടർന്നാണു ഭക്ഷണം എത്തിച്ചു കൊടുത്തത്. രണ്ടു ദിവസം കഴിഞ്ഞപ്പോൾ എംബസിയും പിന്മാറി. ഇപ്പോൾ മലയാളി അസോസിയേഷനുകൾ നൽകുന്ന ഭക്ഷണംകൊണ്ടാണു ജീവൻ നിലനിർത്തുന്നത്. കടമെടുത്തും പണയംവച്ചും മറ്റും ഏജൻസിക്കു പണം നൽകിയ കുടുംബങ്ങൾ ഇപ്പോൾ ആത്മഹത്യയുടെ വക്കിലാണ്.

ഭാഷ അറിയാത്ത രാജ്യത്തു വൃത്തിഹീനമായ അന്തരീക്ഷത്തിൽ ദുരിതം അനുഭവിക്കുന്ന സ്ത്രീകളെ എത്രയും പെട്ടെന്നു നാട്ടിലെത്തിക്കണമെന്നും മുടക്കിയ തുകയും അർഹതപ്പെട്ട ആനുകൂല്യങ്ങളും നൽകി കടക്കെണിയിലായ കുടുംബങ്ങളെ രക്ഷിക്കണമെന്നും പരാതിയിൽ പറയുന്നു. വിഷയത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ടു ബിജെപി തൃപ്പൂണിത്തുറ നിയോജക മണ്ഡലം കമ്മിറ്റിയും പരാതി നൽകിയിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.