പി. ജയരാജന്റെ ജയിൽ ഉപദേശക സമിതി അംഗത്വം വിവാദമാകുന്നു
പി. ജയരാജന്റെ ജയിൽ ഉപദേശക സമിതി അംഗത്വം വിവാദമാകുന്നു
Sunday, October 23, 2016 1:00 PM IST
കണ്ണൂർ: ജയിൽ ഉപദേശക സമിതിയിലേക്കു സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജനെ നിയമിച്ച സർക്കാർ നടപടി വിവാദമാകുന്നു. ഈ നിയമനം നീതിന്യായ വ്യവസ്‌ഥയിൽ പുതിയ സാങ്കേതിക പ്രശ്നങ്ങൾക്കു വഴിവയ്ക്കുമെന്നാണു പറയപ്പെടുന്നത്. ജില്ലാ സെഷൻസ് ജഡ്ജി ഔദ്യോഗിക അംഗമായ സമിതിയിലേക്കാണു പി.ജയരാജനെ അനൗദ്യോഗിക അംഗമായി നിയമിച്ചിരിക്കുന്നത്. നിലവിൽ പി. ജയരാജന്റെ പേരിൽ കൊലപാതകവുമായി ബന്ധപ്പെട്ട ഗൂഢാലോചനകൾ ആരോപിക്കപ്പെട്ടിട്ടുണ്ട്.

ഈ കേസുകൾ ജില്ലാ സെഷൻസ് കോടതിയാണു പരിഗണിക്കുക. ഒരേസമയം കുറ്റാരോപിതനും ജഡ്ജിയും ഒരു സംവിധാനത്തിനു കീഴിൽ പ്രവർത്തിക്കുന്നത് അസാധാരണമാണ്. ജയരാജന്റെ നിയമനം വിവാദമാകുന്നതും ഇക്കാരണത്താലാണ്.

ജയിൽ ഡിജിപി ചെയർമാനായുള്ള ഉപദേശകസമിതിയിൽ ജില്ലാ സെഷൻസ് ജഡ്ജി, ജില്ലാ കളക്ടർ, ജില്ലാ പോലീസ് മേധാവി എന്നിവർ ഔദ്യോഗിക അംഗങ്ങളാണ്. അനൗദ്യോഗിക അംഗമായി പി.ജയരാജനെ നിയമിച്ചതിലൂടെ കുറ്റാരോപിതനും നിയമ വ്യവസ്‌ഥയിലുള്ളവരും ഒരേ മേഖലയിൽ പ്രവർത്തിക്കുന്ന അവസ്‌ഥയുണ്ടാകും. കുറ്റാരോപിതനും കേസ് പരിഗണിക്കേണ്ടിവരുന്ന ജഡ്ജിയും ഒന്നിച്ചു പ്രവർത്തിക്കുന്നതു മുൻകാലങ്ങളിൽ പരമാവധി ഒഴിവാക്കിയിരുന്നു. സർക്കാരിന്റെ ജാഗ്രതക്കുറവായി വേണം ഇപ്പോഴത്തെ സംഭവത്തെ വിലയിരുത്താനെന്നാണു നിയമ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.


ആർഎസ്എസ് പ്രവർത്തകനായിരുന്ന കതിരൂർ മനോജ് വധക്കേസിലും അരിയിൽ ഷുക്കൂർ വധക്കേസിലും കുറ്റാരോപിതനാണു പി. ജയരാജൻ. ഒരു കേസിലും ശിക്ഷിക്കപ്പെട്ടിട്ടില്ലാത്തതിനാൽ നിയമപരമായി സർക്കാർ സ്‌ഥാപനത്തിലെ ഉപദേശക സമിതിയിലിരിക്കാൻ ജയരാജന് അയോഗ്യതയില്ലെങ്കിലും ഇതിൽ ധാർമികതയുടെ വിഷയം ഉണ്ടെന്നും നിയമകേന്ദ്രങ്ങൾ പറയുന്നു. ജയിലിന്റെ നടത്തിപ്പുമായും തടവുപുള്ളികളുടെ പരോൾ, ജയിൽ മാറ്റം തുടങ്ങിയ കാര്യങ്ങളുമായും ബന്ധപ്പെട്ട വിഷയങ്ങൾ തീരുമാനിക്കുന്നതും ഉപദേശക സമിതിയാണ്.

മനോജ് വധക്കേസിലേതുൾപ്പെടെ സിപിഎമ്മുകാരായ നിരവധി പ്രതികൾ റിമാൻഡിലും ശിക്ഷയിലും കഴിയുന്ന കണ്ണൂരിൽ ജയരാജന്റെ നിയമനത്തോടെ ശക്‌തമായ രാഷ്ട്രീയ ഇടപെടലുകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന ആശങ്ക ചില ഉദ്യോഗസ്‌ഥർക്കുമുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.