ഐഎസ് കേസ് പ്രതിക്കു പാരീസ് ആക്രമണത്തിലെ പ്രതികളെ അറിയാമായിരുന്നെന്ന് എൻഐഎ
Sunday, October 23, 2016 1:00 PM IST
കൊച്ചി: ഐഎസ് കേസിൽ അറസ്റ്റിലായ പ്രതിക്കു പാരീസ് ആക്രമണത്തിലെ പ്രതികളെ അറിയാമായിരുന്നുവെന്ന് എൻഐഎ. ഈ മാസമാദ്യം തിരുനെൽവേലിയിൽനിന്ന് അറസ്റ്റിലായ തൊടുപുഴ സ്വദേശി സുബ്ഹാനി ഹാജാ മൊയ്തീന് പാരീസ് ഭീകരാക്രമണ കേസിലുൾപ്പെട്ട രണ്ടു പ്രതികളെ അറിയാമായിരുന്നുവെന്നാണ് എൻഐഎക്ക് വിവരം ലഭിച്ചത്.

ആക്രമണസമയത്ത് ഇന്ത്യയിലായിരുന്ന സുബ്ഹാനി ആക്രമണത്തിൽ പങ്കെടുത്ത രണ്ടുപേരെ ഇറാക്കിൽവച്ചു കണ്ടതായാണ് എൻഐഎയോട് വെളിപ്പെടുത്തിയത്. ബെൽജിയം, ഫ്രഞ്ച് പൗരന്മാരായ സലാഹ് അബ്ദുൽ സലാമിനേയും അബ്ദുൽ ഹമീദ് ഔദയേയുംകുറിച്ചാണു സുബ്ഹാനിയുടെ വെളിപ്പെടുത്തൽ. ഇതിൽ അബ്ദുൽ ഹമീദ് ഔദ് മൊസൂളിൽ കമൻഡാന്റ് ആയിരുന്നെന്നും ഇയാൾ സുബ്ഹാനിയേയും അഫ്ഗാനിസ്‌ഥാൻ, പാക്കിസ്‌ഥാൻ എന്നിവിടങ്ങളിൽനിന്നുള്ളവരേയും ആയുധം ഉപയോഗിക്കാൻ പരിശീലിപ്പിച്ചതായും എൻഐഎ അധികൃതർ പറഞ്ഞു.


അതേസമയം, പാരീസ് ആക്രമണവുമായി ബന്ധമില്ലെന്നാണ് അബ്ദുൽ ഹമീദ് ഔദ് എൻഐഎയോടു പറഞ്ഞത്.
130 പേരുടെ മരണത്തിനിടയാക്കിയ പാരീസ് ആക്രമണം കഴിഞ്ഞ നവംബറിലാണ് നടന്നത്. ആക്രമണത്തിനു ശേഷം തിയറ്ററിൽവച്ച് ഫ്രഞ്ച് സേനയുമായുള്ള ഏറ്റുമുട്ടലിൽ അബ്ദുൽ ഹമീദ് ഔദ് കൊല്ലപ്പെട്ടിരുന്നു. സലാഹ് അബ്ദുൽ സലാം ഫ്രഞ്ച് ജയിലിലുണ്ട്. പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ സുബ്ഹാനിയെ ഫ്രഞ്ച് അധികൃതർ ചോദ്യം ചെയ്യുമെന്നാണു സൂചന.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.