സെൻകുമാറിനെയും സോമസുന്ദരത്തെയും കെഎടി അംഗങ്ങളായി ശിപാർശ ചെയ്തു
സെൻകുമാറിനെയും സോമസുന്ദരത്തെയും കെഎടി അംഗങ്ങളായി ശിപാർശ ചെയ്തു
Sunday, October 23, 2016 1:00 PM IST
തിരുവനന്തപുരം: കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ (കെഎടി) അഡ്മിനിസ്ട്രേറ്റീവ് അംഗങ്ങളായി ഡിജിപി ടി.പി. സെൻകുമാർ, മുൻ അഡീഷണൽ ചീഫ് സെക്രട്ടറി വി. സോമസുന്ദരം എന്നിവരുടെ പേരുകൾ തെരഞ്ഞെടുപ്പു സമിതി ശിപാർശ ചെയ്തു.

ഇനി സംസ്‌ഥാന മന്ത്രിസഭയുടെയും ഗവർണറുടെയും കേന്ദ്രസർക്കാരിന്റെയും പ്രധാനമന്ത്രിയുടെയും അംഗീകാരം ലഭിച്ചശേഷം രാഷ്ട്രപതിയാണ് ഇവരെ നിയമിച്ചുകൊണ്ടുള്ള വിജ്‌ഞാപനം പുറത്തിറക്കേണ്ടത്. ഇതിനു മാസങ്ങൾ വേണ്ടിവരും.

കഴിഞ്ഞ ശനിയാഴ്ച ഹൈക്കോടതി ചീഫ് ജസ്റ്റീസ് മോഹൻ എം. ശാന്ത ഗൗഡർ ചെയർമാനും സംസ്‌ഥാന ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദ് കൺവീനറുമായ തെരഞ്ഞെടുപ്പു സമിതി ഹൈക്കോടതി ചീഫ് ജസ്റ്റീസിന്റെ ചേംബറിൽ യോഗം ചേർന്നിരുന്നു.

ഹൈക്കോടതി ജഡ്ജിയും കെഎടി ചെയർമാനുമായ ടി.ആർ. രാമചന്ദ്രൻനായർ, പിഎസ്സി ചെയർമാൻ ഡോ. കെ.എസ്. രാധാകൃഷ്ണൻ എന്നിവരായിരുന്നു തെരഞ്ഞെടുപ്പു സമിതിയിലെ മറ്റ് അംഗങ്ങൾ.


കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിൽ രണ്ട് അഡ്മിനിസ്ട്രേറ്റീവ് അംഗങ്ങളുടെ ഒഴിവിലേക്കാണു നിയമനം. 50 അപേക്ഷകരിൽനിന്ന് ഭരണരംഗത്തു പരിജ്‌ഞാനമുള്ള നാലു പേരെ അന്തിമ പട്ടികയിലേക്ക് തെരഞ്ഞെടുക്കുകയായിരുന്നു. ഇതിൽനിന്നാണു മുൻ സംസ്‌ഥാന പോലീസ് മേധാവിയും ഡിജിപിയുമായ ടി.പി. സെൻകുമാർ, മുൻ അഡീഷണൽ ചീഫ് സെക്രട്ടറി സോമസുന്ദരം എന്നിവരെ സമിതി ശിപാർശ ചെയ്തത്. ആറു വർഷമാണു കാലാവധി.

ഇനി സംസ്‌ഥാന മന്ത്രിസഭയുടെ അംഗീകാരത്തോടെ ഗവർണർക്കു മുന്നിലെത്തും. ഗവർണറുടെ പരിശോധനയ്ക്കു ശേഷം ഫയൽ കേന്ദ്രസർക്കാരിന് അയയ്ക്കും. കേന്ദ്ര പഴ്സണൽ മന്ത്രാലയത്തിന്റെ ശിപാർശയോടെ പ്രധാനമന്ത്രിയുടെ മുന്നിലെത്തും. പ്രധാനമന്ത്രി അംഗീകരിച്ചശേഷം രാഷ്ട്രപതിക്കു കൈമാറണം. രാഷ്ട്രപതിയാണ് ഇവരുടെ നിയമനം അംഗീകരിച്ചുകൊണ്ടു വിജ്‌ഞാപനം പുറത്തിറക്കേണ്ടത്. കെഎടിയിലെ ജുഡീഷൽ അംഗങ്ങളെ നേരത്തെ നിയമിച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.