കാലവർഷത്തിലെ മഴക്കുറവ് 34%
കാലവർഷത്തിലെ മഴക്കുറവ് 34%
Friday, September 30, 2016 12:31 PM IST
തിരുവനന്തപുരം: പതിന്നാലുവർഷത്തിനിടയിലെ ഏറ്റവും മോശം കാലവർഷമായി ഇത്തവണത്തേത്. ഇന്നലെ അവസാനിച്ച തെക്കുപടിഞ്ഞാറൻ മൺസൂൺ എന്ന കാലവർഷത്തിൽ സംസ്‌ഥാനത്തു 34 ശതമാനം കുറവാണ് മഴ. 203.97 സെന്റിമീറ്റർ കിട്ടേണ്ട സ്‌ഥാനത്തു ലഭിച്ചത് 135.23 സെന്റിമീറ്റർ മഴ മാത്രം.

2002–ൽ 129.2 സെന്റിമീറ്റർ മഴ ലഭിച്ചതാണ് കഴിഞ്ഞ 40 വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ മഴ. അക്കൊല്ലം ദേശീയതലത്തിൽ വരൾച്ചയായിരുന്നു. അന്നു കേരളം 36.6 ശതമാനം മഴക്കുറവ് അനുഭവിച്ചു.

സംസ്‌ഥാനത്ത് ഓരോ വർഷവും ലഭിക്കുന്ന മഴയുടെ 70 ശതമാനത്തോളം ജൂൺ–സെപ്റ്റംബർ മാസങ്ങളിലെ കാലവർഷത്തിലാണ്. അതു കുറവാകുമ്പോൾ ജലവൈദ്യുത പദ്ധതികളുടെയും ജലസേചന പദ്ധതികളുടെയും സംഭരണികളിൽ ജലനിരപ്പ് കുറയും. ഇടുക്കി ശബരിഗിരി, കുറ്റ്യാടി ജലവൈദ്യുതപദ്ധതികളിലും വിവിധ ജലസേചന പദ്ധതികളിലും ഇപ്പോഴത്തെ ജലനിരപ്പ് മുൻവർഷങ്ങളേക്കാൾ വളരെ കുറവാണ്.

കേരളത്തിൽ മഴക്കണക്കു ശേഖരിച്ചു തുടങ്ങിയശേഷം ഏറ്റവും കുറവ് കാലവർഷ മഴ ലഭിച്ചിട്ടുള്ളത് 1918–ലാണ്. 115 സെന്റിമീറ്റർ (43.6 ശതമാനം കുറവ്) കാലവർഷമഴയേ അക്കൊല്ലം ലഭിച്ചുള്ളു. 1976–ലേതാണ് അടുത്ത സ്‌ഥാനത്ത്. ആ വർഷം 126.2 സെന്റിമീറ്റർ (38 ശതമാനം കുറവ്) മഴയേ കാലവർഷത്തിൽ ലഭിച്ചുള്ളു.


വയനാട് ജില്ലയിലാണ് ഈ വർഷം മഴ ഏറ്റവും കുറഞ്ഞതോതിലായത്. 59 ശതമാനം കുറവ്. 260.91 സെന്റിമീറ്റർ കിട്ടേണ്ട സ്‌ഥാനത്ത് 107.08 സെന്റിമീറ്റർ മാത്രം. മറ്റു ജില്ലകളിൽ ലഭിച്ച മഴ (സെന്റിമീറ്ററിൽ)യും ബ്രായ്ക്കറ്റിൽ കുറവിന്റെ തോതും (ശതമാനം). ആലപ്പുഴ 109.49 (37), കണ്ണൂർ 199 (25), എറണാകുളം 155.49 (23), ഇടുക്കി 154.6 (31), കാസർഗോഡ് 225.19 (25), കൊല്ലം 94.55 (28), കോട്ടയം 131.22 (30), കോഴിക്കോട് 188.51 (27), മലപ്പുറം 125.14 (39), പാലക്കാട് 103.3 (34), പത്തനംതിട്ട 107.11 (37), തിരുവനന്തപുരം 57.11 (33), തൃശൂർ 121.96 (44).
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.