ഗാന്ധിജയന്തിക്കു മദ്യശാലകൾ കുറയ്ക്കില്ല
ഗാന്ധിജയന്തിക്കു മദ്യശാലകൾ കുറയ്ക്കില്ല
Wednesday, September 28, 2016 2:18 PM IST
തിരുവനന്തപുരം: ഒക്ടോബർ രണ്ടിനു സംസ്‌ഥാനത്ത് പത്തു ശതമാനം മദ്യശാലകൾ കുറയ്ക്കേണ്ട തില്ലെന്നു മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇതോടെ, ബിവറേജസ് കോർപറേഷനും കൺസ്യൂമർഫെഡിനും നിലവിലുള്ള മദ്യവില്പന ശാലകളിൽ ഒന്നും പൂട്ടില്ലെന്നു വ്യക്‌തമായി.

എൽഡിഎഫ് സർക്കാരിന്റെ മദ്യനയം വരുന്നതു വരെ നിലവിലെ മദ്യശാലകളുടെ കാര്യത്തിൽ തൽസ്‌ഥിതി തുടരാനാണു മന്ത്രിസഭാ തീരുമാനം. സംസ്‌ഥാനത്തെ ബിവറേജസ് കോർപറേഷന്റെയും കൺസ്യൂമർ ഫെഡിന്റെയും പത്തു ശതമാനം വീതം ഔട്ട്ലെറ്റുകൾ ഗാന്ധിജയന്തി ദിനത്തിൽ അടച്ചുപൂട്ടണമെന്ന യുഡിഎഫ് സർക്കാരിന്റെ തീരുമാനം ഇതുവഴി മരവിപ്പിച്ചു. പത്തു ശതമാനം വീതം മദ്യശാലകൾ പൂട്ടണമെന്ന നിർദേശം മരവിപ്പിച്ചുകൊണ്ട് അടുത്ത ദിവസം തന്നെ ഉത്തരവിറക്കും. പുതിയ മദ്യനയം വരുംവരെയാണു തീരുമാനം.നിലവിൽ ബിവറേജസ് കോർപറേഷന് 270 ഔട്ട്ലെറ്റുകളും കൺസ്യൂമർഫെഡിന് 36 ഔട്ട്ലെറ്റുകളുമാണുള്ളത്.

മുൻ സർക്കാരിന്റെ തീരുമാന പ്രകാരം ബിവറേജസ് കോർപറേഷന്റെ 27 എണ്ണവും കൺസ്യൂമർ ഫെഡിന്റെ നാലെണ്ണവും അടക്കം 31 ഔട്ട്ലെറ്റുകൾ അടച്ചുപൂട്ടേണ്ടി വരുമായിരുന്നു. 2014, 15 വർഷങ്ങളിൽ ബിവറേജസ് കോർപറേഷന്റെയും കൺസ്യൂമർ ഫെഡിന്റെയും പത്തു ശതമാനം വീതം ഔട്ട്ലെറ്റുകൾ അടച്ചു പൂട്ടിയിരുന്നു. കൂടാതെ കോടതി ഉത്തരവിന്റെ അടിസ്‌ഥാനത്തിൽ ദേശീയപാതയോരത്തെ ഏതാനും ഔട്ട്ലെറ്റുകളും പൂട്ടിയിരുന്നു.


ടൂറിസം മേഖലയെ തകർച്ചയിൽ നിന്നു രക്ഷിക്കുന്നതിനായി ഈ മേഖലയിൽ ബാറുകൾ അനുവദിക്കണമെന്നു ടൂറിസം മന്ത്രി എ.സി. മൊയ്തീൻ സർക്കാരിനു കത്തു നല്കിയിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തിൽ ഫോർ സ്റ്റാർ പദവിയുള്ള ഹോട്ടലുകൾക്കു ബാർ ലൈസൻസ് നൽകണമെന്ന നിർദേശം പുതിയ മദ്യനയത്തിൽ ഉൾപ്പെടുത്തുന്നതു സർക്കാരിന്റെ സജീവ പരിഗണനയിലാണ്. ഇതു പ്രതീക്ഷിച്ചു സംസ്‌ഥാനത്തെ നൂറുകണക്കിനു ത്രീസ്റ്റാർ ഹോട്ടലുകൾ ഫോർ സ്റ്റാർ പദവിയിലേക്ക് ഉയർത്തിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.