നിയമസഭാ നടപടികളോടു സഹകരിക്കും; സമരം തുടരും: പ്രതിപക്ഷ നേതാവ്
നിയമസഭാ നടപടികളോടു സഹകരിക്കും; സമരം തുടരും: പ്രതിപക്ഷ നേതാവ്
Wednesday, September 28, 2016 2:18 PM IST
തിരുവനന്തപുരം: നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിപക്ഷത്തിനെതിരായി നടത്തിയ പരാമർശങ്ങൾ പരിശോധിക്കാമെന്നു സ്പീക്കർ ഉറപ്പു നൽകിയ സാഹചര്യത്തിൽ സഭാനടപടികളോടു സഹകരിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.സഭാനടപടികൾ തടസപ്പെടുത്തണമെന്ന് പ്രതിപക്ഷത്തിന് ആഗ്രഹമില്ല. കഴിഞ്ഞ രണ്ടു ദിവസവും സഹകരിക്കാൻ തന്നെയായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ സഭ സ്തംഭിക്കാനിടവരുത്തിയത് മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമർശങ്ങളും നിലപാടുകളുമാണെന്നു ചെന്നിത്തല പത്രസമ്മേളനത്തിൽ പറഞ്ഞു.

മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും വാദിക്കുന്നത് മാനേജ്മെന്റുകൾക്കു വേണ്ടിയാണ്. ഫീസ് വർധിപ്പിച്ചതോടെ മാനേജ്മെന്റുകളുടെ അസ്വസ്‌ഥത മാറി. ബംപർ ലോട്ടറി അടിച്ച സന്തോഷത്തിൽ ആറാടുകയാണ് മാനേജ്മെന്റ്. എന്നാൽ, പാവപ്പെട്ട വിദ്യാർഥികൾക്കും അവരുടെ രക്ഷിതാക്കൾക്കും അസ്വസ്‌ഥതയുണ്ട്. ഇതു സംബന്ധിച്ചു ജയിംസ് കമ്മിറ്റിക്കു ലഭിച്ച 1300 പരാതികളിൽ സർക്കാർ എന്തു നടപടിയാണ് സ്വീകരിച്ചത്. സുപ്രീം കോടതിയിൽ കേസ് നടത്തുന്നതിലും സർക്കാർ വീഴ്ചവരുത്തി. ഈ സാഹചര്യത്തിൽ പ്രതിപക്ഷത്തിനു കൈയുംകെട്ടി നോക്കിനിൽക്കാനാവില്ല.

സ്വാശ്രയ പ്രശ്നത്തിൽ സമരം തുടരും. എംഎൽഎമാരുടെ നിരാഹാര സമരം സംബന്ധിച്ച കാര്യങ്ങൾ ആലോചിച്ചു തീരുമാനിക്കും. പ്രശ്നം പരിഹരിക്കാൻ മുൻകൈയെടുക്കേണ്ടത് സർക്കാരാണ്. പ്രവേശനം സംബന്ധിച്ച സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ പൊതുതാൽപര്യഹർജി ഫയൽ ചെയ്യുന്നതടക്കമുള്ളനിയമനടപടികളെക്കുറിച്ച് ആലോചിക്കും. മുഖ്യമന്ത്രി മാധ്യമങ്ങളെ കുറ്റപ്പെടുത്തുന്നത് വി.എസ് അനുകൂല പോസ്റ്റർ വാർത്തയുടെ വൈരാഗ്യത്തിലാണ്. മുഖ്യമന്ത്രിക്കു തോന്നുന്നതു പറയാനുള്ള ഇടമല്ല കേരള നിയമസഭ.

ചരിത്രത്തിലെ ഏറ്റവും വലിയ ഫീസ് വർധനയാണു പിണറായി സർക്കാർ നടത്തിയിരുന്നത്. അതിനെ ന്യായീകരിക്കാൻ അദ്ദേഹം പറയുന്നതു കൂടുതൽ കോളജുകൾ കരാറിൽ ഒപ്പിട്ടുവെന്നും സീറ്റ് കൂടിയെന്നുമൊക്കെയാണ്. കഴിഞ്ഞ സർക്കാരിന്റെ കാലത്തും ഇത്രയും വലിയ ഫീസ് വർധന വരുത്തിയിരുന്നെങ്കിൽ എല്ലാ മാനേജ്മെന്റുകളും കരാറിൽ ഒപ്പിടുമായിരുന്നു.

സീറ്റുകൾ കൂടിയത് പുതുതായി മൂന്നു മെഡിക്കൽ കോളജുകൾ കൂടി വന്നതുകൊണ്ടും ആവശ്യത്തിന് സൗകര്യങ്ങളുള്ള കോളജുകൾക്കു സീറ്റു വർധിപ്പിക്കാൻ മെഡിക്കൽ കൗൺസിൽ അനുമതി നൽകിയതു കൊണ്ടുമാണ്. ഇതിൽ സർക്കാരിന് ഊറ്റം കൊള്ളാൻ ഒന്നുമില്ല. കോടിക്കണക്കിനു രൂപയുടെ നേട്ടമാണ് സർക്കാർ മാനേജ്മെന്റുകൾക്ക് ഉണ്ടാക്കിക്കൊടുത്തിരിക്കുന്നത്. സർക്കാരിന് ആത്മാർഥതയുണ്ടെങ്കിൽ പരിയാരം മെഡിക്കൽ കോളജിലെ ഫീസ് കുറയ്ക്കണം.


മെഡിക്കൽ പ്രവേശനത്തിൽ ഇടപെടുന്നില്ലെന്ന സുപ്രീംകോടതി വിധി സർക്കാർ നിലപാടിനെ സാധൂകരിക്കുന്നതാണെന്നാണ് ആരോഗ്യമന്ത്രി പറയുന്നത്. എന്നാൽ, സുപ്രീംകോടതിയിൽ സർക്കാരിനു വേണ്ടി ആരും ഹാജരായില്ലെന്നതാണ് സത്യം.

യൂത്ത് കോൺഗ്രസ് സമരപ്പന്തലിലേക്ക് ഗ്രനേഡ് പ്രയോഗിച്ചതിനെ കാറ്റടിച്ചപ്പോൾ പുക കയറിയതാണെന്നു മുഖ്യമന്ത്രി പറഞ്ഞത് പുകമറ സൃഷ്‌ടിക്കാനാണ്. കരിങ്കൊടി കാണിക്കാൻ കൂടുതൽ പ്രവർത്തകർ ഒരുമിച്ച് എത്താതിരുന്നത് കന്റോൺമെന്റ് ഗേറ്റ് പ്രതിഷേധങ്ങൾ നിരോധിച്ചിട്ടുള്ള മേഖലയായതു കൊണ്ടാണ്. സെക്രട്ടേറിയറ്റ് ഉപരോധം നടന്ന സമയത്തും ഇവിടെ നിയന്ത്രണമുണ്ടായിരുന്ന കാര്യം മുഖ്യമന്ത്രി മറന്നു പോയതായിരിക്കും.

ഹർത്താൽ നിയന്ത്രണ ബില്ലാണ് താൻ നിയമസഭയിൽ അവതരിപ്പിച്ചത്. ഹർത്താൽ നിരോധന ബില്ലല്ല. അന്ന് ഇതിനെ എതിർത്ത ഇടതുപക്ഷം ഹർത്താൽ നിരോധന നിയമം കൊണ്ടുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏതു നിരാഹാര സമരം നടന്നാലും അവരെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നത് പോലീസാണ്. കേരളമുണ്ടായ കാലം മുതൽ അത് അങ്ങനെയാണ്.

ഇന്നലെ നിയമസഭയിൽ അടിയന്തരപ്രമേയം അവതരിപ്പിക്കാൻ തിരുവഞ്ചൂർ രാധാകൃഷ്ണനെ വിളിച്ചപ്പോൾ എഴുന്നേറ്റില്ല എന്ന മുഖ്യമന്ത്രിയുടെ ന്യായം തെറ്റാണ്. റൂൾ 50 പ്രകാരം അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയാൽ, സ്പീക്കർ ആദ്യം അതു വായിക്കും. പിന്നെ ബന്ധപ്പെട്ട മന്ത്രിയെ വിളിക്കും. അതിനു ശേഷമാണ് അടിയന്തര പ്രമേയം അവതരിപ്പിക്കാൻ ക്ഷണിക്കുന്നത്. പിണറായി വിജയന് ഇത് അറിയാത്തതു പരിചയക്കുറവ് കൊണ്ടായിരിക്കാം.

മാനേജ്മെന്റിന്റെ കണ്ണിലെ കരടായ ജസ്റ്റീസ് ജെയിംസിനെ കമ്മിറ്റിയിൽ നിന്നു മാറ്റാൻ സർക്കാർ ശ്രമിക്കുകയാണെന്നും ഇതു മാനേജ്മെന്റുകളെ സഹായിക്കാനാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.