ആറു പദ്ധതികൾ റെയിൽവേ മന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും
Sunday, September 25, 2016 12:45 PM IST
കോഴിക്കോട്: റെയിൽവേ മന്ത്രി സുരേഷ് പ്രഭാകർ പ്രഭു സംസ്‌ഥാനത്തെ ആറ് റെയിൽവേ പദ്ധതികൾ ഇന്ന് കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ഉദ്ഘാടനം ചെയ്യും. കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ഫുട്ഓവർ ബ്രിഡ്ജ് ദീർഘിപ്പിക്കുന്നതിന്റെ ശിലാസ്‌ഥാപനം മാത്രമാണു മന്ത്രി നേരിൽ നിർവഹിക്കുക. വൈദ്യുതീകരണവും പാത ഇരട്ടിപ്പിക്കലും പൂർത്തിയായ തിരുവല്ല– ചെങ്ങന്നൂർ സെക്ഷൻ, മന്ത്രി കോഴിക്കോട്ടിരുന്ന് വീഡിയോ കോൺഫറൻസിലൂടെ രാജ്യത്തിനു സമർപ്പിക്കും.

പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിലെ പുതിയ ഒന്നാം നമ്പർ പ്ലാറ്റ്ഫോം, തൃശൂർ റെയിൽവേ സ്റ്റേഷനിൽ വൈ ഫൈ സംവിധാനം, എസ്കലേറ്റർ, തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ എസ്കലേറ്റർ എന്നിവയുടെ ഉദ്ഘാടനവും മന്ത്രി വീഡിയോ കോൺഫറൻസിലൂടെ നിർവഹിക്കും.


രാവിലെ ഒൻപതിന് കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി ജി.സുധാകരൻ, മേയർ തോട്ടത്തിൽ രവീന്ദ്രൻ, എം.കെ. രാഘവൻ എംപി, റെയിൽവേയിലെ ഉന്നത ഉദ്യോഗസ്‌ഥർ തുടങ്ങിയവർ പങ്കെടുക്കും. തിരുവല്ല റെയിൽവേ സ്റ്റേഷനിൽ മന്ത്രി മാത്യു ടി.തോമസ്, പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ മന്ത്രി എ.കെ.ബാലൻ, എം.ബി.രാജേഷ് എംപി, തൃശൂരിൽ മന്ത്രി വി.എസ്.സുനിൽകുമാർ, മേയർ അജിത ജയരാജൻ, സി.എൻ.ജയദേവൻ എംപി തുടങ്ങിയവർ പങ്കെടുക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.