തമിഴ്നാട്ടിൽ വാഹനാപകടം; ആറ് ഇടുക്കിക്കാർ മരിച്ചു
തമിഴ്നാട്ടിൽ വാഹനാപകടം; ആറ് ഇടുക്കിക്കാർ മരിച്ചു
Monday, July 25, 2016 2:04 PM IST
കട്ടപ്പന/ ചെറുതോണി/കുമളി: ഇടുക്കി തങ്കമണിയിൽനിന്നു വേളാങ്കണ്ണി തീർഥാടനത്തിനു പോയി മടങ്ങിയ ഏഴംഗസംഘം സഞ്ചരിച്ചിരുന്ന മിനി ട്രാവലർ തമിഴ്നാട് ബസുമായി കൂട്ടിയിടിച്ച് ആറുപേർ മരിച്ചു. ഒരാളുടെ നില അതീവ ഗുരുതരം. തമിഴ്നാട്ടിലെ ദിണ്ഡിഗൽ ജില്ലയിൽ തേനിയിൽനിന്നു 40 കിലോമീറ്റർ അകലെ പരശുരാമപുരത്താണ് അപകടം. തങ്കമണി കുരിശുപാറ ഒട്ടലാങ്കൽ ഷൈൻ (35), വാഹന ഉടമ തങ്കമണി മുള്ളനാനിയിൽ ബേബി (ഗ്രേസ് ബേബി–60), നീലിവയൽ കൊച്ചുകരിപ്പാപറമ്പിൽ ബിനു(35), തങ്കമണി അച്ചൻകാനം വെട്ടുകാട്ടിൽ അജീഷ് (32), തോപ്രാംകുടി കനകക്കുന്ന് പടലാംകുന്നേൽ മോൻസി(35), വെൺമണി ഇളംതുരുത്തിയിൽ ജസ്റ്റിൻ(30) എന്നിവരാണു മരിച്ചത്. ഗുരുതരമായി പരിക്കേറ്റ തങ്കമണി പേഴുംകവല വാഴയിൽ ഷൈൻ തേനി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
ഇന്നലെ വൈകുന്നേരം 4.25–നോടെയാണ് അപകടമുണ്ടായത്. ലോറിയെ മറികടന്നുവന്ന ട്രാവലർ പെരിയകുളത്തുനിന്നു തിരുച്ചെന്തൂരിലേക്കു പോയ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. ആറുപേരും സംഭവസ്‌ഥലത്തുതന്നെ മരിച്ചു. കെട്ടിട നിർമാണ തൊഴിലാളികളാണിവർ. ട്രാവലർ പൂർണമായും തകർന്നു. പരിക്കേറ്റ ഷൈൻ പെയിന്റിംഗ് കരാറുകാരനാണ്. ഷൈനിന്റെ പക്കൽനിന്നു ലഭിച്ച വിവരത്തിന്റെ അടിസ്‌ഥാനത്തിലാണ് തമിഴ്നാട് പോലീസ് നാട്ടിൽ വിവരമറിയിച്ചത്.


ശനിയാഴ്ച രാവിലെയാണു സംഘം തമിഴ്നാട്ടിലേക്കു പോയത്. തങ്കമണി ടൈമ വടംവലി ടീമിലെ അംഗങ്ങളാണ് മരിച്ചവരിൽ മൂന്നു പേർ. ഇടുക്കിയിൽ ശനിയാഴ്ച ഹർത്താലായിരുന്നതിനാൽ സുഹൃത്തുക്കളായ ഏഴു പേരുംചേർന്നു തമിഴ്നാട്ടിലേക്ക് യാത്ര പോകുകയായിരുന്നു.മരിച്ച ബേബിയും ഷൈനും വിവാഹിതരാണ്.മറ്റുള്ളവർ അവിവാഹിതരും.

മോളിയാണ് ബേബിയുടെ ഭാര്യ. മനു, മെബിൻ, മഫിയ എന്നിവർ മക്കൾ. ബോബി മുണ്ടശാംപറമ്പിൽ പാണ്ടിപ്പാറ മരുമകനാണ്. നിഖിതയാണ് ഷൈനിന്റെ ഭാര്യ. നിഷോൺ ഏകമകൻ. പടലാംകുന്നേൽ പരേതരായ ചാക്കോ – മേരി ദമ്പതികളുടെ മകനാണ് മോൻസി. സോണി, സാലസ്, വത്സ, സുനി എന്നിവരാണു സഹോദരങ്ങൾ.അജീഷ് വെട്ടുകാട്ടിൽ അപ്പച്ചൻ (മാത്യു) –ഡെയ്സി ദമ്പതികളുടെ മകനാണ്. അനീഷ്, നിഷ എന്നിവർ സഹോദരങ്ങളാണ്.കൊച്ചുകരിപ്പാപറമ്പിൽ പരേതനായ തോമസിന്റെയും റോസമ്മയുടെയും മകനാണ് ബിനു. സഹോദരങ്ങൾ: സിജു, മോളി.
വെൺമണി ഇളംതുരുത്തിയിൽ അപ്പച്ചൻ–ഏലിയാമ്മ ദമ്പതികളുടെ മകനാണ് ജസ്റ്റിൻ. സഹോദരൻ: ജയ്സൺ. മൃതദേഹങ്ങൾ തേനി മെഡിക്കൽ കോളജ് ആശുപത്രിയിൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.