ഷുക്കൂർ വധക്കേസ്: സിബിഐയുടെ തുടരന്വേഷണം സ്റ്റേ ചെയ്തു
ഷുക്കൂർ വധക്കേസ്: സിബിഐയുടെ തുടരന്വേഷണം സ്റ്റേ ചെയ്തു
Monday, June 27, 2016 3:34 PM IST
കൊച്ചി: ഷുക്കൂർ വധക്കേസിലെ സിബിഐയുടെ തുടരന്വേഷണം ഹൈക്കോടതി സ്റ്റേ ചെയ്തു. ഈ കേസിൽ സിബിഐ തുടരന്വേഷണം നടത്തണമെന്ന സിംഗിൾ ബെഞ്ചിന്റെ ഉത്തരവിനെതിരേ പ്രതികളായ പി. ജയരാജൻ, ടി.വി. രാജേഷ് എംഎൽഎ തുടങ്ങിയവർ നൽകിയ അപ്പീലിൽ ആക്ടിംഗ് ചീഫ് ജസ്റ്റീസ് തോട്ടത്തിൽ ബി. രാധാകൃഷ്ണൻ, ജസ്റ്റീസ് അനു ശിവരാമൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റേതാണ് ഇടക്കാല ഉത്തരവ്.

2012 ഫെബ്രുവരി 20നാണ് യൂത്ത് ലീഗ് പ്രവർത്തകനായ ഷുക്കൂർ കൊല്ലപ്പെട്ടത്. സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി. ജയരാജനും ടി.വി. രാജേഷ് എംഎൽഎയും സഞ്ചരിച്ചിരുന്ന കാറിനു നേരേ മുസ്ലിം ലീഗ് പ്രവർത്തകർ ആക്രമണം നടത്തിയതിനെത്തുടർന്നു ഷുക്കൂറിനെ സിപിഎം പ്രവർത്തകർ കൊലപ്പെടുത്തിയെന്നാണു കേസ്. ആക്രമണത്തെത്തുടർന്നു ജയരാജനും ടി.വി. രാജേഷും തളിപ്പറമ്പ് സഹകരണ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ഇതിനിടെ, ഷുക്കൂറിനെ പിടികൂടിയ സിപിഎം പ്രവർത്തകർ ഇയാളുടെ ചിത്രമെടുത്ത്, ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്ന നേതാക്കൾക്കൊപ്പമുള്ള പാർട്ടി പ്രവർത്തകർക്കു മൊബൈലിൽ അയച്ചുകൊടുത്ത് ആളെ ഉറപ്പുവരുത്തി. തുടർന്ന് കീഴാറയിലെ ഒരു പാടത്തുവച്ച് കുത്തിക്കൊന്നുവെന്നാണു പ്രോസിക്യൂഷൻ കേസ്.

ഹൈക്കോടതിയിൽ ഇന്നലെ അപ്പീൽ പരിഗണിക്കവേ അന്വേഷണം സിബിഐക്കു വിടുന്നതിനു സുപ്രീംകോടതി പറഞ്ഞിട്ടുള്ള കാരണങ്ങളിൽ ഒന്നുപോലും സാധൂകരിക്കുന്ന കേസല്ല ഇതെന്നായിരുന്നു പ്രതികൾക്കു വേണ്ടി ഹാജരായ അഡ്വ. എം.കെ. ദാമോദരന്റെ വാദം. ജയരാജനും ടി.വി. രാജേഷിനുമെതിരെ ഗൂഢാലോചനക്കുറ്റം ചുമത്തിയില്ലെന്ന സിംഗിൾ ബെഞ്ചിന്റെ പരാമർശം സിബിഐയെ സ്വാധീനിക്കാനിടയുണ്ടെന്നും അദ്ദേഹം വ്യക്‌തമാക്കി. എന്നാൽ, സിബിഐ അന്വേഷണം തുടങ്ങിക്കഴിഞ്ഞതായി സിബിഐയുടെ അഭിഭാഷകൻ വിശദീകരിച്ചു. തുടർന്നാണ് ഡിവിഷൻ ബെഞ്ച് സ്റ്റേ അനുവദിച്ചത്.


സംസ്‌ഥാന സർക്കാരിനുവേണ്ടി ഹാജരായ അഡ്വക്കറ്റ് ജനറൽ സി.പി. സുധാകര പ്രസാദ്, തുടരന്വേഷണം സിബിഐക്കു വിട്ടതു ന്യായമല്ലെന്നു വാദിച്ചു. ഈ കേസിൽ ഒരു രാഷ്ട്രീയ പാർട്ടിയിലെ പ്രമുഖർക്കു പങ്കുള്ളതിനാൽ അന്വേഷണം സിബിഐക്കു വിടണമെന്നായിരുന്നു കഴിഞ്ഞ സർക്കാരിന്റെ കാലത്തു ഡിജിപി നൽകിയ ശിപാർശ. ഈ ശിപാർശ കണക്കിലെടുത്താണു സിംഗിൾ ബെഞ്ച് സിബിഐയോടു തുടരന്വേഷണം നടത്താൻ ഉത്തരവിട്ടത്. ഇതല്ലാതെ അന്വേഷണം സിബിഐക്കു വിടാനുള്ള ശിപാർശയ്ക്കു മറ്റു കാരണമുണ്ടോയെന്ന് ആരാഞ്ഞെങ്കിലും ഒന്നുമില്ലെന്നാണു പോലീസ് മറുപടി നൽകിയതെന്നും ഡിജിപിയുടെ ശിപാർശ സിബിഐ അന്വേഷണത്തിന് മതിയായ കാരണമല്ലെന്നും എജി ചൂണ്ടിക്കാട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.