കാവാലത്തിന് ഇന്ന് അന്ത്യയാത്രാമൊഴി
കാവാലത്തിന് ഇന്ന് അന്ത്യയാത്രാമൊഴി
Monday, June 27, 2016 3:34 PM IST
മങ്കൊമ്പ്: നാടകരംഗത്ത് വിശ്വത്തോളം വളർന്ന് ആചാര്യസ്‌ഥാനം നേടിയ കാവാലം നാരായണപ്പണിക്കർക്ക് ഇന്നു ജന്മനാട് അന്ത്യയാത്രാമൊഴിയേകും. തങ്ങളുടെ നാടിന്റെ പ്രശസ്തി വൻകരകൾക്ക് അപ്പുറമെത്തിച്ച നാരായണൻ കുഞ്ഞാശാനെ അവസാനമായി ഒരു നോക്കു കാണാൻ നാട്ടുകാർ വേദനയോടെ കാത്തിരിക്കുകയാണ്. മരണവാർത്തയറിഞ്ഞ് ഇന്നലെ രാവിലെ മുതൽ ചാലയിൽ തറവാട്ടിലേക്കും, നാരായണപ്പണിക്കർ പണികഴിപ്പിച്ച വീടായ ശ്രീഹരിയിലേക്കും ആരാധകരും ശിഷ്യരും ഒഴുകിയെത്തുകയാണ്. അന്ത്യകർമങ്ങൾ തത്സമയം ജനങ്ങളിലെത്തിക്കാൻ ചാനലുകളുടേതടക്കം മാധ്യമപ്രവർത്തകരുടെ നിരതന്നെ കാവാലത്തെത്തിക്കഴിഞ്ഞു.

നാരായണപ്പണിക്കരുടെ ഭൗതിക ശരീരം വഹിച്ച വാഹനം ഇന്നു പുലർച്ചെ മൂന്നോടെ തിരുവനന്തപുരത്തുനിന്നു പുറപ്പെടും. വാഹനവ്യൂഹം ഏഴോടെ കാവാലത്തെത്തും. തുടർന്ന് മൃതദേഹം ജന്മഗൃഹമായ ചാലയിൽ തറവാട്ടിലെത്തിക്കും. സർദാർ കെ.എം. പണിക്കർ അടക്കമുള്ള പൂർവികർ അന്ത്യവിശ്രമം കൊള്ളുന്ന ചാലയിൽ തറവാട്ടിൽ ഭൗതികശരീരം ഉച്ചവരെ പൊതുദർശനത്തിനു വയ്ക്കും. കാവാലത്തെ കുരുന്നുകൂട്ടം, തിരുവനന്തപുരം സോപാനം എന്നിവിടങ്ങളിലെ കലാകാരന്മാർ കാവാലത്തിന്റെ കവിതകളും അദ്ദേഹം രചിച്ച നാടകത്തിലെ ഗാനങ്ങളും ആലപിക്കും. 11ന് കാവാലത്തെ സ്കൂൾ വിദ്യാർഥികൾ വിലാപയാത്രയായെത്തി അന്ത്യോപചാരമർപ്പിക്കും. പൊതുദർശനവേളയിൽ അദ്ദേഹത്തിന്റെ നാടകങ്ങളെ ആസ്പദമാക്കിയുള്ള ചിത്ര പ്രദർശനമൊരുക്കാനും ആലോചനയുണ്ട്.


ഉച്ചകഴിഞ്ഞു മൂന്നോടെ ഭൗതികശരീരം കുടുംബവീതമായി കിട്ടിയ മേനോൻപറമ്പ് പുരയിടത്തിലെ ശ്രീഹരി വീട്ടിലേക്കു കൊണ്ടുപോകും. കാവാലം ഗ്രാമവാസികളും അദ്ദേഹത്തിന്റെ ശിഷ്യഗണവും വിലാപയാത്രയായി ഭൗതികശരീരത്തെ അനുഗമിക്കും. വൈകുന്നേരം 4.43ന് സംസ്കാരച്ചടങ്ങുകൾ ആരംഭിക്കും. പൂർണ സംസ്ഥാന ബഹുമതിയോടെയാണു സംസ്കാരം. മൂത്ത മകൻ ഹരികൃഷ്ണൻ അന്ത്യവിശ്രമംകൊള്ളുന്ന ഭാഗത്തുതന്നെയാണു ചിതയൊരുക്കുക. മകൻ കാവാലം ശ്രീകുമാർ ചിതയിൽ അഗ്നി പകരും. സംസ്കാരച്ചടങ്ങുകൾക്കു ശേഷം ചാലയിൽ കുടുംബം സ്‌ഥാപിച്ച ഗവ. ജിഎൽപി സ്കൂളിൽ അനുസ്മരണസമ്മേളനവും നടക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.