ഇറ്റാലിയൻ നാവികന്റെ കേസിൽ കേന്ദ്രം വഞ്ചിച്ചു: ഉമ്മൻ ചാണ്ടി
ഇറ്റാലിയൻ നാവികന്റെ കേസിൽ കേന്ദ്രം വഞ്ചിച്ചു: ഉമ്മൻ ചാണ്ടി
Thursday, May 26, 2016 1:02 PM IST
തിരുവനപുരം: രണ്ട് മത്സ്യത്തൊഴിലാളികളെ വെടിവച്ചു കൊന്ന കേസിലെ പ്രതിയായ ഇറ്റാലിയൻ നാവികന് സ്വദേശത്തേക്കു മടങ്ങാൻ അവസരമൊരുക്കിയ കേന്ദ്ര സർക്കാർ ജനങ്ങളെ വഞ്ചിച്ചിരിക്കുകയാണെന്നു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ഇതു മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങളോടു കാട്ടുന്ന അനീതിയും ഇന്ത്യൻ നിയമവ്യവസ്‌ഥയോടുള്ള വെല്ലുവിളിയുമാണെന്ന് അദ്ദേഹം പറഞ്ഞു.

നാവികനെ ഇറ്റലിക്കു മടങ്ങാൻ അനുവദിക്കുന്നതിനെ ബിജെപി സർക്കാരിന്റെ അഭിഭാഷകൻ എതിർത്തില്ലെന്നതു ഞെട്ടിക്കുന്നതാണ്. 2012 ൽ നടന്ന കൊലപാതകം സംബന്ധിച്ച് എൻഐഎ ഇതുവരെ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം നല്കിയിട്ടില്ല. അന്താരാഷ്ട്ര ട്രൈബ്യൂണലിൽ ഇന്ത്യൻ നിയമനടപടികൾ സ്റ്റേ ചെയ്തിരിക്കുന്നത് നീക്കാൻ എൻഡിഎ സർക്കാർ നടപടി എടുത്തിട്ടില്ല. അന്വേഷണത്തിലും കേസ് നടത്തിപ്പിലും എൻഡിഎ സർക്കാരിന് ഗുരുതരമായ വീഴ്ചകളാണു സംഭവിച്ചിരിക്കുന്നത്. ഇന്ത്യൻ നിയമവ്യവസ്‌ഥയ്ക്ക് ഇറ്റാലിയൻ നാവികർ വഴങ്ങണം എന്നതാണ് യുപിഎ സർക്കാരും യുഡിഎഫ് സർക്കാരും എടുത്ത നിലപാട്. അതിനു തയാറാകാതെ കേന്ദ്രസർക്കാർ ഒത്തുകളിക്കുകയാണെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു.


രണ്ടുവർഷം മുമ്പ് ഇറ്റാലിയൻ നാവികർ അവധിക്കു നാട്ടിൽ പോയതുപോലും കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ പ്രത്യേക താത്പര്യപ്രകാരമാണെന്നു നരേന്ദ്ര മോദി തെരഞ്ഞെടുപ്പിൽ പ്രചാരണം നടത്തിയിരുന്നു. ബിജെപി സർക്കാരിന്റെ രണ്ടാം വാർഷിക ദിനത്തിൽ തന്നെ ആരോപണങ്ങളിലെ സത്യാവസ്‌ഥ പുറത്തുവന്നെന്ന് ഉമ്മൻ ചാണ്ടി ചൂണ്ടിക്കാട്ടി.

സോണിയ ഗാന്ധി ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾക്കെതിരേ ഹെലികോപ്റ്റർ ഇടപാടിൽ തെളിവുണ്ടാക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇറ്റാലിയൻ പ്രധാനമന്ത്രിയും തമ്മിൽ രഹസ്യധാരണ ഉണ്ടാക്കിയെന്ന് കോൽക്കത്തയിൽ നിന്നുള്ള ടെലഗ്രാഫ് പത്രം റിപ്പോർട്ട് ചെയ്തിരുന്നു. അതു സത്യമാണെന്ന് ഇപ്പോൾ വ്യക്‌തമായിരിക്കുകയാണെന്നും ഉമ്മൻ ചാണ്ടി ചൂണ്ടിക്കാട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.