ബി. സന്ധ്യ ദക്ഷിണ മേഖലാ എഡിജിപി; കെ. പത്മകുമാറിനു പകരം ചുമതലയില്ല
Thursday, May 26, 2016 1:02 PM IST
തിരുവനന്തപുരം: ദക്ഷിണ മേഖലാ എഡിജിപി കെ. പത്മകുമാറിനെ മാറ്റി. ജിഷ വധക്കേസിന്റെ അന്വേഷണ ചുമതല വഹിക്കുന്ന ബി. സന്ധ്യയാണു പുതിയ ദക്ഷിണ മേഖലാ എഡിജിപി. പത്മകുമാറിനു പുതിയ ചുമതല നൽകിയിട്ടില്ല. എൽഡിഎഫ് സർക്കാർ അധികാരമേറ്റശേഷം പോലീസ് തലപ്പത്തു നടക്കുന്ന ആദ്യ മാറ്റമാണിത്.

പെരുമ്പാവൂരിൽ കൊല്ലപ്പെട്ട നിയമ വിദ്യാർഥിനി ജിഷയുടെ കൊലപാതകം അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന്റെ ചുമതല പോലീസ് നവീകരണ വിഭാഗം എഡിജിപിയായിരുന്ന ബി. സന്ധ്യയ്ക്ക് കഴിഞ്ഞ ദിവസം കൈമാറിയിരുന്നു. ഈ കേസന്വേഷണത്തിന്റെ സൗകര്യാർഥമാണ് പുതിയ നിയമനമെന്നാണ് ഔദ്യോഗിക വിശദീകരണം.


നേരത്തെ കെ. പത്മകുമാറിന്റെ നിർദേശാനുസരണം എറണാകുളം റേഞ്ച്് ഐജി മഹിപാൽ യാദവാണ് ജിഷ വധക്കേസ് അന്വേഷിച്ചിരുന്നത്. സോളാർ കേസിലെ വിവാദനായിക സരിത എസ്. നായരുമായി ബന്ധപ്പെട്ട ചില വിവാദങ്ങളിൽ പത്മകുമാറിന്റെ പേരും പ്രചരിക്കപ്പെട്ടിരുന്നു. പെരുമ്പാവൂരിൽ എൽഡിഎഫ് സംഘടിപ്പിച്ച രാപകൽ സമരത്തിന്റെ സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്ത പി.കെ ശ്രീമതി എം.പി എഡിജിപി പത്മകുമാറിനെതിരേ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. ഇതിനു പിന്നാലെയാണു പത്മകുമാറിന്റെ മാറ്റം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.