മുഖപ്രസംഗം: സൈബർ തട്ടിപ്പുകൾ അനേകം രൂപങ്ങളിൽ
Wednesday, May 4, 2016 12:59 PM IST
സാങ്കേതികവിദ്യയുടെ സാധ്യതകൾ വളരെയേറെയാണെങ്കിലും അതു വരുത്തിവയ്ക്കാവുന്ന അപകടങ്ങൾ അതിലുമേറെയാണ്. അതു മനസിലാക്കി ശ്രദ്ധ പുലർത്തിയില്ലെങ്കിൽ ഗുരുതരമായ പ്രശ്നങ്ങളാവും നേരിടേണ്ടിവരുക. ഇന്റർനെറ്റിന്റെ വിശാലമായ വല നിങ്ങളുടെ മേശപ്പുറത്തേക്കോ ഉള്ളംകൈയിലേക്കോ ലോകത്തെ വലിച്ചടുപ്പിക്കാൻ സഹായകമാണ്. ഇന്റർനെറ്റ് നൽകുന്ന സൗകര്യങ്ങൾ നമ്മുടെ വൈജ്‌ഞാനികജീവിതത്തെ മാത്രമല്ല അനുദിന ജീവിതത്തെയും ഏറെ സഹായിക്കുന്നുണ്ട്. എന്നാൽ, തട്ടിപ്പുകാർക്കും ഇതു വളരെ വിസ്തൃതിയിൽ വീശാവുന്ന വലയാണ്. അനേക വിധത്തിലുള്ള തട്ടിപ്പുകൾക്ക് ആധുനിക വിവര സാങ്കേതികവിദ്യ ഇപ്പോൾ ഉപയോഗിക്കപ്പെടുന്നു. ഇന്റർനെറ്റ് വഴി നിരവധി സാമ്പത്തിക തട്ടിപ്പുകളാണു നടക്കുന്നത്.

സൈബർയുദ്ധ ഭീഷണി നേരിടുന്നതിന് ഇന്ത്യ പ്രതിരോധം ശക്‌തമാക്കണമെന്നു മുൻ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുൾ കലാം നൽകിയ മുന്നറിയിപ്പ് ഇവിടെ തികച്ചും പ്രസക്‌തമാണ്. സൈബർ സുരക്ഷാ നടപടികൾ ഏകോപിപ്പിക്കുന്നതിനു ദേശീയ ഏജൻസിക്കു രൂപം നൽകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. ഇലക്ട്രോണിക് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി വകുപ്പിനു കീഴിലുള്ള വിദഗ്ധ സമിതി ദേശീയ എൻക്രിപ്ഷൻ പോളിസിയുടെ കരടുരൂപം തയാറാക്കിയെങ്കിലും അതിലെ നിർദേശങ്ങളെക്കുറിച്ച് കടുത്ത അഭിപ്രായവ്യത്യാസങ്ങൾ ഉയർന്നതിനെത്തുടർന്ന് അതു പിൻവലിച്ചു. പൗരന്മാരുടെ സ്വകാര്യതയിലേക്കു കടന്നുകയറാതെതന്നെ അപകടകരമായ പ്രവണതകൾക്കു കടിഞ്ഞാണിടാൻ കഴിയുന്ന സംവിധാനമാണ് ഉണ്ടാകേണ്ടത്.

വ്യാജരേഖകളും വ്യാജ സന്ദേശങ്ങളും സർട്ടിഫിക്കറ്റുകളുമൊക്കെ ഇന്റർനെറ്റിലൂടെ അയച്ച് ഇന്ത്യയിൽനിന്നു കോടിക്കണക്കിനു രൂപ തട്ടിയെടുത്ത ആഫ്രിക്കൻ സംഘം ഈയിടെ പിടിയിലായി. ഉത്തർ പ്രദേശിലെ ഗ്രേറ്റർ നോയിഡയിൽ താവളമടിച്ചു തട്ടിപ്പിന്റെ വല വിരിച്ച ഇവരെ തെളിവെടുപ്പിന്റെ ഭാഗമായി കഴിഞ്ഞദിവസം തിരുവനന്തപുരത്തും കൊണ്ടുവന്നിരുന്നു. നിരവധി മലയാളികൾ ഇവരുടെ തട്ടിപ്പിന് ഇരയായിട്ടുണ്ട്. മലയിൻകീഴ് സ്വദേശിയായ ഒരാൾക്ക് ഈ സംഘവുമായുള്ള ഇടപാടിൽ നഷ്ടമായതു പത്തു ലക്ഷം രൂപയാണ്. കഴിഞ്ഞ ജൂണിൽ ഇത്തരമൊരു നൈജീരിയൻ തട്ടിപ്പു സംഘം ഡൽഹിയിലെ സാകേതിൽ പിടിയിലായിരുന്നു. തിരുവനന്തപുരം പാൽക്കുളങ്ങര സ്വദേശിനിയുമായി ഫേസ്ബുക്ക്വഴി സൗഹൃദം സ്‌ഥാപിച്ചു പത്തരലക്ഷം രൂപ സംഘം തട്ടിയെടുത്തിരുന്നു. വളരെ വിദഗ്ധമായ ഓപ്പറേഷനാണ് ഇവരുടേത്. താവളങ്ങൾ ഇടയ്ക്കിടെ മാറുന്ന ഇവർ തങ്ങൾ ഉപയോഗിക്കുന്ന സിം കാർഡുകളും കൂടക്കൂടെ മാറിക്കൊണ്ടിരിക്കും.

ഗ്രേറ്റർ നോയിഡയിലെ സിഗ്മാ സെക്ടറിൽ പിടിയിലായ സംഘാംഗങ്ങളിൽനിന്നു നാലു ലാപ്ടോപ്പുകളും 30 മൊബൈൽ കണക്ഷനുകളും ഇന്റർനെറ്റ് കണക്ഷൻ എടുക്കാൻ ഉപയോഗിക്കുന്ന 11 ഡോംഗിളുകളും 135 സിം കാർഡുകളും കണ്ടെടുത്തു. ഇത്രയും സിം കണക്ഷനുകൾ ഇവർക്ക് എങ്ങനെ സംഘടിപ്പിക്കാൻ കഴിഞ്ഞുവെന്ന കാര്യം ഗൗരവപൂർവം അന്വേഷിക്കേണ്ടതുണ്ട്. നമ്മുടെ സൈബർ മുൻകരുതലുകളിലും നിരീക്ഷണങ്ങളിലും ഉണ്ടാകുന്ന പാകപ്പിഴകൾ സാമ്പത്തിക തട്ടിപ്പുകൾക്കു മാത്രമല്ല വലിയ അപകടങ്ങൾക്കും വഴിയൊരുക്കാം.


വ്യാജ ഇ–മെയിലുകളും കൃത്രിമ രേഖകളും അയച്ചു പണം അപഹരിക്കുന്ന സംഘങ്ങൾക്കെതിരേ ജാഗ്രത പുലർത്താൻ സംസ്‌ഥാന പോലീസ് മേധാവി മുന്നറിയിപ്പു നൽകിയിട്ടുണ്ട്. ലോട്ടറി ലഭിച്ചെന്നോ ഏതെങ്കിലും സമ്മാനം ലഭിച്ചെന്നോ ഒക്കെ മൊബൈൽ സന്ദേശങ്ങളോ ഇ–മെയിൽ, വാട്സ്ആപ് സന്ദേശങ്ങളോ വന്നാൽ അതിൽ വീഴരുത്. ഏതെങ്കിലും സുഹൃത്തിന്റെ ഇ–മെയിലിൽനിന്നുപോലും ഇത്തരം വ്യാജ സന്ദേശങ്ങൾ എത്തിയേക്കാം. അന്യരാജ്യത്തുവച്ച് തന്റെ ബാഗും പണവും മോഷണം പോയെന്നും അത്യാവശ്യ ചെലവിനു തന്റെ അക്കൗണ്ടിലേക്കു പണമയയ്ക്കണമെന്നും സുഹൃത്തിന്റെ സന്ദേശം വരുമ്പോൾ മിക്കവരും വിശ്വസിച്ചുപോകും. സുഹൃത്താകട്ടെ ഇതൊന്നും അറിയുന്നില്ല. ഇത്തരം മെയിലിലൂടെ വ്യക്‌തിപരമായ വിവരങ്ങൾ ശേഖരിക്കാനും പിന്നീടവ കൂടുതൽ തന്ത്രങ്ങൾക്ക് ഉപയോഗിക്കാനും തട്ടിപ്പുകാർക്കു സാധിക്കും.

കേരളത്തിലെ ഒരു വനിതാ എഎസ്പിയുടെ പേരിൽ ഓൺലൈൻ തട്ടിപ്പു നടത്തിയ യുവാവിനെ കഴിഞ്ഞ ദിവസം പിടികൂടി. വനിതാ ഓഫീസറുടെ പേരിലുണ്ടാക്കിയ വ്യാജ ഫേസ്ബുക്ക് പ്രൊഫൈലിലൂടെയാണ് ഇയാൾ പണം തട്ടിയത്. പണം നഷ്ടപ്പെട്ട കൊച്ചിക്കാരനായ ഒരാൾ എഎസ്പിയെ നേരിൽക്കണ്ടു വിവരം പറഞ്ഞപ്പോഴാണു തന്റെ പേരിൽ നടന്നുവന്നിരുന്ന തട്ടിപ്പിനെക്കുറിച്ചു യുവഓഫീസർ അറിയുന്നത്. സൈബർ പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിൽ മാരാരിക്കുളത്തെ ഒരു റിസോർട്ടിൽനിന്നു യുവാവ് അറസ്റ്റിലായി.

സാമ്പത്തിക തട്ടിപ്പുകൾക്കെതിരേ ബാങ്കുകൾ മുന്നറിയിപ്പു നൽകുന്നുണ്ട്. ബാങ്ക് അക്കൗണ്ട് നമ്പരോ എടിഎം പാസ്വേഡോ മറ്റേതെങ്കിലും വിവരമോ ബാങ്കുകൾ ഫോണിലൂടെ അന്വേഷിക്കാറില്ല. ബാങ്കിലെ സാങ്കേതികവിഭാഗത്തിൽനിന്നാണെന്നു പറഞ്ഞുപോലും തട്ടിപ്പിനു ശ്രമിച്ചേക്കാം. സ്വന്തം ധനകാര്യ ഇടപാടുകളുടെ വിവരങ്ങൾ ഫോണുകളിലൂടെയോ ഇ–മെയിലുകളിലൂടെയോ പങ്കുവയ്ക്കാതിരിക്കുന്നതാണു സുരക്ഷിതം.

അപരിചിതരുമായുള്ള ചാറ്റിംഗ് കൗമാരക്കാരെയും സ്ത്രീകളെയും കെണികളിൽ ചാടിക്കാറുണ്ട്. മുതിർന്നവർ ഉപയോഗിക്കുന്ന മൊബൈലും ഇന്റർനെറ്റുമൊക്കെ കുട്ടികൾക്ക് ഉപയോഗിക്കാൻ കൊടുക്കുമ്പോഴും അപകടസാധ്യത മുൻകൂട്ടി കാണണം. സോഫ്റ്റ്വെയർ അപ്ഗ്രേഡ് ചെയ്യാൻ അവസരം നൽകിക്കൊണ്ടു ചില കമ്പനികളുടേതായി സന്ദേശം വരുമ്പോഴും ജാഗ്രത ആവശ്യമാണ്. ഓഫർ ഒറിജിനൽ കമ്പനിയിൽനിന്നുതന്നെയെന്ന് ഉറപ്പുവരുത്തണം. വളരുന്ന സാങ്കേതികവിദ്യയോടൊപ്പം നാം മുന്നോട്ടു പോകുന്നുവെന്ന് അഭിമാനിക്കുമ്പോൾ അതിന്റെ ദുരുപയോഗ സാധ്യതയെക്കുറിച്ചു നമുക്കു ബോധ്യമുണ്ടായിരിക്കണം. ആക്കാര്യത്തിൽ വലിയ ജാഗ്രത അത്യാവശ്യം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.