വർക്കല കൂട്ടമാനഭംഗം: പെൺകുട്ടിയുടെ കാമുകനെയും സുഹൃത്തുക്കളെയും തിരിച്ചറിഞ്ഞു
Wednesday, May 4, 2016 12:59 PM IST
തിരുവനന്തപുരം: വർക്കലയിൽ നഴ്സിംഗ് വിദ്യാർഥിനിയായ ദളിത് പെൺകുട്ടിയെ കൂട്ടമാനഭംഗത്തിനിരയായ കേസിൽ പ്രതികളായ കാമുകനെയും സുഹൃത്തുക്കളെയും തിരിച്ചറിഞ്ഞുവെന്നും ഉടൻ പിടികൂടുമെന്നും തിരുവനന്തപുരം റൂറൽ എസ്പി ഷെഫിൻ അഹമ്മദ് പറഞ്ഞു.

ഒളിവിൽപ്പോയ പ്രതികളെ പിടികൂടാനായി പോലീസ് സംഘം മൂന്നു ടീമായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പെൺകുട്ടി നൽകിയ മൊഴിയുടെ അടിസ്‌ഥാനത്തിൽ കാമുകനും ഓട്ടോറിക്ഷ ഡ്രൈവറുമായ വർക്കല താഴെ വെട്ടൂർ സ്വദേശികളായ സഫീർ, ഇയാളുടെ സുഹൃത്തുക്കളായ ഷൈജു, റാഷിദ് എന്നിവർക്കെതിരെയാണു പോലീസ് അന്വേഷണം നടത്തുന്നത്.

തിരുവനന്തപുരം എസ്എടി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന പെൺകുട്ടിയുടെ മൊഴി ഇന്നലെ മജിസ്ട്രേട്ട് രേഖപ്പെടുത്തി. വർക്കല ഒന്നാംക്ലാസ് മജിസ്ട്രേട്ട് ആർ. രാജേഷ് ഇന്നലെ ഉച്ചയ്ക്കു ശേഷമാണ് ആശുപത്രിയിലെത്തി പെൺകുട്ടിയിൽനിന്നു മൊഴി രേഖപ്പെടുത്തിയ്ത്.

പെൺകുട്ടി പോലീസിന് നൽകിയ മൊഴി ഇങ്ങനെ: മിസ്ഡ് കോളിലൂടെയാണ് കാമുകനായ സഫീറുമായി അടുപ്പത്തിലായത്. വർക്കലയിൽ നഴ്സിംഗ് പഠനം നടത്തുന്ന തിരുവനന്തപുരം സ്വദേശിനിയായ പെൺകുട്ടിയെ കാമുകൻ വശീകരിച്ച് കഴിഞ്ഞ ദിവസം രാവിലെ ഓട്ടോറിക്ഷയിൽ കൊല്ലത്തു കൊണ്ടുപോയിരുന്നു. കൊല്ലത്ത് ചുറ്റിക്കറങ്ങിയശേഷം സിനിമ കാണാനായിരുന്നു പദ്ധതി. കൊല്ലത്തെ തിയറ്ററിൽ എത്തിയപ്പോൾ സിനിമ തുടങ്ങിയതിനാൽ സിനിമ കാണാതെ മടങ്ങി. പിന്നീടു പെൺകുട്ടിയെ കഴക്കൂട്ടത്ത് എത്തിക്കാമെന്നു പറഞ്ഞു വർക്കലയിലെത്തിച്ചു.

കൊല്ലത്തുനിന്നു മടങ്ങിവരവെ കാമുകന്റെ ഒരു സുഹൃത്തും ഒപ്പം കൂടി. പിന്നീട് വർക്കലയിലെ റെയിൽവേ ലൈനിന് സമീപത്തെ ഒരു പൊന്തക്കാട്ടിൽവച്ച് പെൺകുട്ടിയെ കാമുകൻ പീഡിപ്പിച്ചു. പിന്നീടു കാമുകനോടൊപ്പം ഓട്ടോയിൽ കയറിയ സുഹൃത്തായ ഷൈജു പീഡിപ്പിച്ചു. പൊന്തക്കാട്ടിനു സമീപം കാമുകന്റെ മറ്റൊരു സുഹൃത്തായ റാഷിദും എത്തി. അയാളും പെൺകുട്ടിയെ പീഡിപ്പിച്ചു. പീഡനത്തിനിടെ അപസ്മാര ബാധ ഉണ്ടായപ്പോൾ റാഷിദ് ദേഹോപദ്രവമേൽപ്പിച്ചുവെന്നും പെൺകുട്ടി പോലീസിന് നൽകിയ മൊഴിയിൽ പറയുന്നു.


വർക്കല അയന്തി ഭാഗത്ത് ഓട്ടോറിക്ഷയിൽ ഒരു പെൺകുട്ടിയുമായി മൂന്നു യുവാക്കൾ ഏറെ നേരമായി ചുറ്റിക്കറങ്ങുന്നതു കണ്ട നാട്ടുകാരാണു വർക്കല പോലീസിൽ വിവരം അറിയിച്ചത്. പോലീസ് അയന്തി ഭാഗത്ത് എത്തിയപ്പോൾ ഓട്ടോറിക്ഷയിൽ അവശനിലയിൽ പെൺകുട്ടിയെ കണ്ടെത്തി. കാമുകനും സുഹൃത്തുക്കളും ഇതിനിടെ കടന്നുകളഞ്ഞിരുന്നു. തുടർന്നു പോലീസ് പെൺകുട്ടിയെ വർക്കലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവിടെനിന്ന് തിരുവനന്തപുരം എസ്എടി ആശുപത്രിയിലേക്കു മാറ്റി.

പെൺകുട്ടി നൽകിയ മൊഴിയുടെ അടിസ്‌ഥാനത്തിൽ അന്വേഷിച്ച പോലീസിനു കാമുകന്റെയും സുഹൃത്തുക്കളുടെയും ജീവിതപശ്ചാത്തലം മോശമാണെന്നു വിവരം കിട്ടി. പ്രതികളിൽ ഒരാൾ മോഷണം, പിടിച്ചുപറി കേസുകളിലെ പ്രതിയാണെന്നു പോലീസ് സ്‌ഥിരീകരിച്ചിട്ടുണ്ട്.

എസ്എടി ആശുപത്രിയിൽ കഴിയുന്ന പെൺകുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രിയിലെ വിദഗ്ധ ഡോക്ടർമാർ വിലയിരുത്തി. തീവ്രപരിചരണ വിഭാഗത്തിൽ ഗൈനക്കോളജി വിഭാഗത്തിന്റെ നേതൃത്വത്തിലുള്ള ചികിത്സയിലാണ് പെൺകുട്ടി. മെഡിസിൻ, ന്യൂറോ മെഡിസിൻ, സർജറി, സൈക്യാട്രി, റോഡിയോ ഡയഗ്നോസിസ് തുടങ്ങിയ വിഭാഗങ്ങളിലെ വിദഗ്ധരുടെ മേൽനോട്ടത്തിലാണ് ചികിത്സ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.