videos
മാറക്കാനസോ അഥവാ ബ്രസീല്‍ ദുരന്തം! 1950 ഫിഫ ലോകകപ്പ് ചരിത്രവഴികളിലൂടെ
ബ്രസീലുകാര്‍ക്ക് ഏറെ വേദനകള്‍ സമ്മാനിച്ച ലോകകപ്പ് ആണ് 1950-ല്‍ ബ്രസീലില്‍ നടന്ന നാലാം ലോകകപ്പ്. ആതിഥേയരായ ബ്രസീല്‍ വിജയിക്കുമെന്ന് ഏവരും വിശ്വസിച്ച ലോകകപ്പില്‍ മുത്തമിട്ടത് യൂറഗ്വായ് ആയിരുന്നു.

1942, 1946 വര്‍ഷങ്ങളില്‍ രണ്ടാം ലോകമഹായുദ്ധം മൂലം മുടങ്ങിയ ഫുട്‌ബോള്‍ ലോകകപ്പിന് ആതിഥ്യമരുളുന്നതില്‍ നിന്ന് മറ്റു രാജ്യങ്ങള്‍ വിട്ടുനിന്നതോടെയാണ് ബ്രസീലിനു ലോകകപ്പു നടത്താനുള്ള നറുക്കു വീണത്.



ലോകകപ്പ് ഫുട്‌ബോളില്‍ ആദ്യമായി റൗണ്ട് റോബിന്‍ അടിസ്ഥാനത്തില്‍ കളി സംഘടിപ്പിച്ചതും ഈ ലോകകപ്പിലാണ്. ആദ്യം ഫിഫ എതിര്‍ത്തെങ്കിലും ബ്രസീല്‍ സംഘാടകരുടെ ആവശ്യത്തിനു മുന്നിലും കാണികളുടെ ആവേശത്തിനും മുന്നില്‍ ഫിഫ അധികൃതര്‍ മുട്ടുമടക്കുകയായിരുന്നു.

മികച്ച രീതിയില്‍ മുന്നേറിയ ബ്രസീല്‍ ഫൈനലിലെത്തി. ഫൈനലില്‍ ആദ്യ ഗോളടിച്ചതും ആതിഥേയര്‍ തന്നെ. ഗോള്‍രഹിതമായ ആദ്യപകുതിക്കു ശേഷം രണ്ടാം പകുതിയുടെ തുടക്കത്തില്‍ ഫ്രയാക്കയാണ് ബ്രസീലിനായി ഗോള്‍ നേടിയത്.

എന്നാല്‍ രണ്ടാം പകുതിയില്‍ 62-ാം മിനിട്ടില്‍ ഷിയാഫിനോ നേടിയ ഗോളിലൂടെ ഒപ്പമെത്തിയ യൂറഗ്വായ് കളി തീരാന്‍ 11 മിനിട്ടു ശേഷിക്കെ നേടിയ ഗോളിലൂടെ വിജയവും തങ്ങളുടെ രണ്ടാം ലോകകപ്പും സ്വന്തമാക്കി. യൂറഗ്വായ്ക്കായി ഗിഗിയയാണ് വിജയഗോള്‍ നേടിയത്.

തങ്ങളുടെ പ്രതീക്ഷകള്‍ തകിടം മറിച്ച് യൂറഗ്വായ് ആ ലോകകപ്പില്‍ മുത്തമിട്ടപ്പോള്‍ തകര്‍ന്നത് ബ്രസീല്‍ ആരാധകരുടെ ഹൃദയമാണ്. ആരാധകരുടെ കണ്ണുനീര്‍ മാറക്കാനയിലൂടെ പുഴയായി ഒഴുകി എന്ന് അവരുടെ തീരാദുഖത്തെ വിശേഷിപ്പിച്ച് പറയുന്നു. അവരുടെ ഈ തീരാദുഖത്തെ സ്മരിച്ച് മറക്കാനസോ എന്ന പേരിലും ഈ ലോകകപ്പ് പ്രശസ്തമാണ്.