videos
മുസോളിനിയും, ഇറ്റലിയും പിന്നെ ലോകകപ്പും / 1938 ഫിഫ ലോകകപ്പ് ചരിത്രവഴികളിലൂടെ
ഫ്രാന്‍സ് ആതിഥ്യമരുളിയ മൂന്നാം ലോകകപ്പ് 1938 ജൂണ്‍ 4 മുതല്‍ 19 വരെയാണു നടന്നത്. ഹംഗറിയെ 4-2 എന്ന സ്‌കോറിനു പരാജയപ്പെടുത്തി അന്നത്തെ ചാമ്പ്യന്‍മാരായ ഇറ്റലി തങ്ങളുടെ രണ്ടാം ലോകകീരിടം സ്വന്തമാക്കി.

വിട്ടോറിയോ പോസോ എന്ന കോച്ചിന്‌റെ കീഴിലാണ് 1934ലും, 1938ലും ഇറ്റലി കപ്പ് സ്വന്തമാക്കിയത്. അങ്ങനെ ഒരു കോച്ചിന്‌റെ കീഴില്‍ രണ്ടു ലോകകപ്പ് നേടുന്ന ആദ്യ രാജ്യമായും ഇറ്റലി മാറി.



യൂറോപ്പില്‍ രണ്ടാമതും വേള്‍ഡ് കപ്പ് സംഘടിപ്പിച്ചതില്‍ പ്രതിഷേധിച്ച് യുറഗ്വായ്, അര്‍ജന്‌റീന തുടങ്ങിയ രാജ്യങ്ങള്‍ മല്‍സരത്തില്‍ നിന്നു പിന്‍വാങ്ങിയപ്പോള്‍ ആഭ്യന്തരയുദ്ധം മൂലം സ്‌പെയിനും ഈ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്തില്ല.

ആകെയുള്ള 16 ടീമുകളില്‍ 13 ടീമുകളും യൂറോപ്പില്‍ നിന്നായിരുന്നു. വെറും മൂന്നു ടീമുകള്‍ മാത്രമാണ് യൂറോപ്പിനു പുറത്തുനിന്നു പങ്കെടുക്കാനെത്തിയത്. ബ്രസീല്‍, ക്യൂബ, ഡച്ച് ഈസ്റ്റ് ഇന്‍ഡീസ് എന്നിവയായിരുന്നു അവ.

ജര്‍മനിയുമായി ലയിച്ചതിനെത്തുടര്‍ന്ന് ഓസ്ട്രിയ ടൂര്‍ണമെന്‌റില്‍ നിന്നു പിന്‍മാറിയതോടെ ആകെ 15 ടീമുകളാണ് ഈ ലോകകപ്പില്‍ മല്‍സരിച്ചത്. ബെല്‍ജിയം, ചെക്കോസ്ലവാകിയ, ഫ്രാന്‍സ്, ജര്‍മനി, ഹംഗറി, ഇറ്റലി, നെതര്‍ലന്‍ഡ്‌സ്, നോര്‍വെ, പോളണ്ട്, റൊമേനിയ, സ്വീഡന്‍, സ്വിറ്റ്‌സര്‍ലന്‍ഡ് എന്നീ രാജ്യങ്ങളാണ് ലോകകപ്പിന്‌റെ മൂന്നാം പതിപ്പില്‍ പങ്കെടുത്തത്.

ആദ്യസെമിയില്‍ ബ്രസീലിനെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ തോല്‍പ്പിച്ച് ഇറ്റലി ഫൈനലിലെത്തി. രണ്ടാം സെമിയില്‍ സ്വീഡനെ ഒന്നിനെതിരെ അഞ്ചു ഗോളുകള്‍ക്കു തകര്‍ത്താണ് ഹംഗറി കലാശപ്പോരാട്ടത്തിനെത്തിയത്.

പാരിസില്‍ ജൂണ്‍ 19നു നടന്ന ഫൈനലില്‍ 4-2 എന്ന സ്‌കോറിനു ഹംഗറിയെ തോല്‍പ്പിച്ച് ഇറ്റലി തങ്ങളുടെ രണ്ടാം ലോകകപ്പില്‍ മുത്തമിട്ടു. ആദ്യം മുതല്‍ ആക്രമിച്ചു കളിച്ച ഇറ്റലി ആറാം മിനിട്ടില്‍ കോളോസിയിലൂടെ തങ്ങളുടെ ആദ്യഗോള്‍ കണ്ടെത്തി.

രണ്ടു മിനിട്ടിനുള്ളില്‍ ടിറ്റ്‌കോസിലൂടെ ഹംഗറി സമനില കണ്ടെത്തിയെങ്കിലും പിയോളയുടെയും (16, 82 മിനിട്ട്) കോളോസിയുടെയും (6, 35 മിനിട്ട്) ഇരട്ടഗോളുകള്‍ അവരെ തകര്‍ത്തു. ഹംഗറിക്കായി ടിറ്റ്‌കോസ് (8 മിനിട്ട്) സരോസി എന്നിവരാണ് സ്‌കോര്‍ ചെയ്തത്.