videos
1930 ഫിഫ ലോകകപ്പ് ചരിത്രം തുടങ്ങുന്നു / ലോകകപ്പ് ചരിത്രവഴികളിലൂടെ
1928ല്‍ നടന്ന സമ്മര്‍ ഒളിമ്പിക്‌സില്‍ ഫുട്‌ബോളിനു ലഭിച്ച വന്‍പിന്തുണയാണ് ഫുട്‌ബോള്‍ ലോകകപ്പ് നടത്താന്‍ പ്രചോദനമായത്. ഒളിമ്പിക്‌സ് ചാമ്പ്യന്‍മാരായ യൂറഗ്വായ് ആണ് സംഘാടകരായി ഫിഫ തിരഞ്ഞെടുത്തത്.

യൂറഗ്വായ്-യുടെ തലസ്ഥാനമായ മോണ്ടിവിഡിയോയിലാണ് ഭൂരിഭാഗം മല്‍സരങ്ങളും നടന്നത്. 13 ടീമുകളാണ് ആദ്യ ലോകകപ്പില്‍ മാറ്റുരച്ചത്.



ലോകകപ്പ് എന്നു വിളിച്ചെങ്കിലും വെറും മൂന്നു ഭുഖണ്ഡങ്ങളില്‍ നിന്നു മാത്രമുള്ള രാജ്യങ്ങള്‍ മാത്രമാണ് ആദ്യലോകകപ്പില്‍ പങ്കെടുത്തത്. സൗത്ത് അമേരിക്കയില്‍ നിന്ന് ഏഴു രാജ്യങ്ങള്‍ പങ്കെടുത്തപ്പോള്‍, നാലു യൂറോപ്യന്‍ രാജ്യങ്ങളും പങ്കെടുത്തു. ബാക്കിയുള്ള രണ്ടു രാജ്യങ്ങള്‍ വന്നത് വടക്കേ അമേരിക്കയില്‍ നിന്നായിരുന്നു.

തെക്കേ അമേരിക്കയിലേക്കുള്ള ദുഷ്‌കരമായ ദീര്‍ഘയാത്രയാണ് യൂറോപ്യന്‍ ടീമുകള്‍ക്കു പങ്കെടുക്കുന്നതില്‍ വിലങ്ങുതടിയായത്. ക്വാളിഫിക്കേഷന്‍ മാച്ചുകള്‍ കളിക്കാതെ മല്‍സരിക്കാന്‍ സാധിക്കുമായിരുന്ന ഏക ഫുട്‌ബോള്‍ ലോകകപ്പാണ് 1930ലെ പ്രഥമ ലോകകപ്പ്.

അമേരിക്കയില്‍ നിന്ന് ചാമ്പ്യന്‍മാരായ യൂറഗ്വായ്ക്കു പുറമെ അര്‍ജന്‌റീന, ബ്രസീല്‍, ബൊളീവിയ, ചിലി, മെക്‌സിക്കോ, പരാഗ്വേ, പെറു, യൂഎസ് എന്നീ രാജ്യങ്ങളും, യൂറോപ്പില്‍ നിന്ന് ഫ്രാന്‍സ്, ബെല്‍ജിയം, റൊമേനിയ, യൂഗോസ്ലാവിയ എന്നീ നാലു രാജ്യങ്ങളും ആദ്യ ലോകകപ്പില്‍ പങ്കെടുത്തു. ആകെ 13 ടീമുകള്‍.

അര്‍ജന്‌റീന, യു.എസ്, യൂറഗ്വായ്, യൂഗോസ്ലാവിയ ടീമുകളാണ് അവസാന നാലിലെത്തിയത്. ആദ്യ സെമിഫൈനലില്‍ യുഎസിനെ നേരിട്ട അര്‍ജന്‌റീന ഒന്നിനെതിരെ അരഡസന്‍ ഗോളുകള്‍ നേടിയാണ് ഫൈനലിലേക്കു മാര്‍ച്ചു ചെയ്തത്.

അതേ സ്‌കോറിന് രണ്ടാം സെമിഫൈനലില്‍ യൂഗോസ്ലാവിയയെ തച്ചുതകര്‍ത്ത് യൂറഗ്വായും ഫൈനലില്‍ ഇടംപിടിച്ചു. ഒടുവില്‍ ഫൈനലില്‍ അര്‍ജന്‌റീനയെ തോല്‍പ്പിച്ച് ടൂര്‍ണമെന്‌റിലെ ഫേവറിറ്റായിരുന്ന യൂറഗ്വായ് ആദ്യലോകകപ്പ് തങ്ങളുടെ പേരിലാക്കി ചരിത്രം കുറിച്ചു.