star voice
ഗോളടിക്കാൻ പ്രചോദനമായത് മെസി: റോജോ
നൈജീരിയയ്ക്കെതിരായ മത്സരത്തിൽ അർജന്‍റീനയുടെ വിജയഗോൾ നേടിയതോടെ മിന്നും താരമായിരിക്കുകയാണ് മാർക്കോസ് റോജോ. ഒരൊറ്റ ഗോളുകൊണ്ട് ടീമിന്‍റെ രക്ഷകനായി മാറിയ റോജോയെക്കുറിച്ചായിരുന്നു പിന്നീടുള്ള ചർച്ചകളത്രയും. എന്നാൽ റോജോയ്ക്ക് ഒരാളെക്കുറിച്ചെ പറയാനുള്ളു. മറ്റാരുമല്ല സാക്ഷാൽ മെസിയെക്കുറിച്ചു തന്നെ.

താൻ ഗോൾ നേടിയിട്ടുണ്ടെങ്കിൽ അതിന് കാരണക്കാരൻ മെസിയാണെന്ന് റോജോ മത്സര ശേഷം പറഞ്ഞു. ആദ്യപകുതിയവസാനിച്ച് പിരിഞ്ഞപ്പോൾ മെസി ഞങ്ങളോട് സംസാരിച്ചുവെന്നും ഇതോടെയാണ് എങ്ങനെയും ഗോൾ കണ്ടെത്തുക എന്ന് ചിന്തിച്ചതെന്നും റോജോ പറഞ്ഞു.

മത്സരത്തിന്‍റെ ആദ്യപകുതി അവസാനിച്ചപ്പോൾ‌ മെസി തങ്ങളോട് സംസാരിച്ചെന്നും ഗോളടിക്കുക എന്നുള്ളത് ഓരോരുത്തരുടെയും ചുമതലയാണെന്നും എപ്പോൾ അവസരം കിട്ടുന്നോ അത് ഗോളാക്കി മാറ്റണമെന്നുമാണ് മെസി പറഞ്ഞതെന്നും റോജോ വ്യക്തമാക്കി.

ഏത് പൊസിഷനിൽ കളിക്കുന്നു എന്ന് ആരും നോക്കണ്ടെന്നും ഗോളാണ് മുഖ്യമെന്നും മെസി പറഞ്ഞിരുന്നു. പന്ത് തന്‍റെയടുത്തെത്തിപ്പോൾ മറ്റൊന്നും ചിന്തിച്ചില്ല ആ വാക്കുകൾ മാത്രമായിരുന്നു കാതിലുണ്ടായിരുന്നതെന്നും റോജോ കൂട്ടിച്ചേർത്തു.

വിജയഗോൾ നേടിയതിനു പിന്നാലെ റോജോയുടെ ചുമലിലേക്ക് ചാടിക്കയറിയായിരുന്നു മെസി ആഹ്ലാദം പ്രകടിപ്പിച്ചത്.