ഇവരെ കൂടെ കൂട്ടാം...
Saturday, July 14, 2018 9:44 PM IST
ആഗ്രഹിച്ച പലതും കൂടെ കൂട്ടാൻ പറ്റാതെ പോയ ഒരുപാട് പേർക്കായി സച്ചിൻ കുണ്ടൽക്കർ ഒരു കഥ എഴുതി. ആ കഥ തിരക്കഥയായും പിന്നെ സിനിമയായും രൂപമാറ്റം സംഭവിച്ച് പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയപ്പോൾ ഒരു മായാലോകം രൂപപ്പെടുകയായിരുന്നു. ആ മായാലോകത്തേക്ക് കയറിക്കൂടിയവരെല്ലാം ഇപ്പോൾ ഓരോരോ ഓർമകൾക്ക് പിന്നാലെ പായുന്നുണ്ടാവും.

എന്തൊരു ഒഴുക്കാണ്... എത്ര ലളിതമാണ് ആ വാക്ക്... "കൂടെ'. എന്തേ ഇത്രയും നാളും ഇടയ്ക്കിടെ പറയാറുള്ള ആ വാക്കിൽ ഇത്രയേറെ അർഥതലങ്ങൾ ഉണ്ടെന്ന് തോന്നിയില്ല. കൂടെ, അതൊരു പ്രണയാർദ്രമായ പദമാണ്.... കരുതലിന്‍റെ പര്യായമാണ്... അതുമല്ലെങ്കിൽ ഓരോരുത്തരും പലകുറി ഉപയോഗിച്ചിട്ടും എഴുതിയിട്ടുമൊന്നും തേഞ്ഞുമാഞ്ഞ് പോകാത്ത അത്ഭുത വാക്കാണ്.



ജെനിയും ജോഷ്വായും സോഫിയും ബ്രൗണിയുമെല്ലാം സ്വാതന്ത്ര്യത്തിന്‍റെ ചരട് പൊട്ടിച്ച് ബിഗ്സക്രീനിൽ പാറി പറന്നപ്പോൾ ഒഴുകി മാറിയ മണിക്കൂറുകൾക്ക് നീളം കുറഞ്ഞപോലൊരു തോന്നൽ. ഇനിയും ഇനിയും കാണാനുള്ള എന്തൊക്കെയോ ആ ലോകത്ത് ഒളിഞ്ഞിരിപ്പുണ്ടെന്നുള്ള തോന്നൽ. ഇഷ്ടമുള്ളതെല്ലാം കൂടെ കൂട്ടാൻ ആഗ്രഹിക്കുന്നവരാണല്ലോ എല്ലാവരും. അതുകൊണ്ട് തന്നെ അഞ്ജലി മേനോന്‍റെ കൂടെയും പ്രേക്ഷകർ കൂടെ കൂട്ടിയിട്ടുണ്ടാവും.

പലകുറി പറഞ്ഞിട്ടും ആവർത്തനവിരസത തോന്നാത്തൊരു വാക്ക് ഏതെന്നു ചോദിച്ചാൽ ഇനി ധൈര്യമായി പറയാം... "കൂടെ' ആണെന്ന്. എത്രയോ തവണ ഈ സിനിമയിൽ ആ വാക്ക് ഉപയോഗിച്ചു. വ്യത്യസ്ത സാഹചര്യങ്ങളിൽ പല തരത്തിൽ ആ വാക്ക് കയറിയിറങ്ങി പോയിട്ടും ഒട്ടും മടുപ്പ് തോന്നിയില്ല. അത്രമേൽ ആ വാക്ക് ജീവിതവുമായി ബന്ധപ്പെട്ടു കിടക്കുന്നു.



എന്തൊരു തിരിച്ച് വരവാണ് നസ്രിയയുടേത്. അഞ്ജലി മേനോൻ നസ്രിയയ്ക്കായി മാത്രം കരുതിവച്ചൊരു വേഷമായിരിക്കും ജെന്നിഫറിന്‍റേത്. പൃഥ്വിരാജ് കുറച്ചുനാളുകൾക്ക് ശേഷം ഞെട്ടിച്ചിരിക്കുന്നു. ജോഷ്വാ വർഷങ്ങളോളം മനസിന്‍റെ ഏതോ ഒരു കോണിൽ കാത്തുവച്ച ചിരി പൃഥ്വി എന്ന നടന്‍റെ മുഖത്ത് തെളിഞ്ഞപ്പോൾ സ്ക്രീനിൽ അത്രയും നേരം തളംകെട്ടി നിന്ന നിർവികാരത എങ്ങോ പറന്നു പോയി.

ജോഷ്വായുടെയും ജെന്നിഫറിന്‍റെയും ബ്രൗണിയുടെയും മാത്രമായ ഒരു മായാലോകത്തേക്കാണ് അഞ്ജലി മേനോൻ പ്രേക്ഷകരെ കൂട്ടിക്കൊണ്ടു പോകുന്നത്. എങ്ങനെ വേണമെങ്കിലും ബാലൻസ് തെറ്റാവുന്ന ഒരു വാനിലേക്ക് അഭിനേതാക്കളോടൊപ്പം പ്രേക്ഷകരേയും കൂടി വിളിച്ച് കയറ്റുന്പോൾ സംവിധായികയ്ക്ക് ഉറപ്പായിരുന്നു, എല്ലാവരും ഈ യാത്ര ആസ്വദിക്കുമെന്ന്.



വലിയ കാര്യങ്ങളൊന്നും ചിത്രം നമ്മുക്ക് കാട്ടിത്തരുന്നില്ല. ജീവിതത്തിൽ പലകുറി മാറ്റിവച്ച ശീലങ്ങളെ വീണ്ടും പൊടിതട്ടിയെടുത്ത് ഒന്നുടച്ച് വാർക്കുകയാണ് ഇവിടെ. അഞ്ജലി മേനോൻ സിനിമകളിൽ ചരട് പൊട്ടി പറക്കാറുള്ള സ്വാതന്ത്ര്യം കൂടെയിലും ഒരുപാട് ഒരുപാട് ഉയരെ പറക്കുന്നുണ്ട്.

ജോഷ്വായും ബ്രൗണിയും ജെനിയും പിന്നെ സോഫിയുമെല്ലാം ആ സ്വാതന്ത്ര്യം ആഘോഷമാക്കിയപ്പോൾ പ്രേക്ഷകരുടെ ഉള്ളിൽ ആനന്ദത്തിന്‍റെ പൂത്തിരികൾ കത്തുകയായിരുന്നു. നസ്രിയ ചലപിലാന്ന് സംസാരിച്ച് കൂടെ കൂടുന്പോൾ, പൃഥ്വി ലളിതമായി ചിരിച്ചാണ് പ്രേക്ഷകർക്കൊപ്പം വരുന്നത്. കാമറാമൻ ലിറ്റിൽ സ്വയന്പ്, താങ്കളുടെ കണ്ണുകളെ ആരും കൊത്തി പറിക്കാതെ സൂക്ഷിച്ചോ. പ്രകൃതിയെ മനസിനോട് ഇണങ്ങും വിധം ഒപ്പിയെടുത്ത് താങ്കൾ വീണ്ടും ഞെട്ടിച്ചിരിക്കുകയാണ്. മനസിൽ നിന്നും ഇറങ്ങി പോകാതെ എത്രയോ ഫ്രെയിമുകളാണ് കൂടിയിലുള്ളത്.



പാർവതി പക്വതയുള്ള കഥാപാത്രത്തെ അതിന്‍റെ അതിർവരന്പുകൾ ലംഘിക്കാതെ തന്നെ കൂടെ കൂട്ടിയപ്പോൾ സോഫി പ്രേക്ഷകർക്കിടയിലേക്ക് താനെ ഇറങ്ങി ചെന്നു. ഒതുക്കം വേണ്ടിയിരുന്ന സോഫി എന്ന കഥാപാത്രം പാർവതി ഭദ്രമായി കൈകാര്യം ചെയ്തു. പതുങ്ങിയ തുടക്കത്തിൽ നിന്നും മെല്ലെ മെല്ലെ പിടിച്ചുകയറി ചെറു ചിരികളും പിന്നെ നൊന്പരങ്ങളും സമ്മാനിച്ചാണ് കൂടെയുടെ പോക്ക്. അതിനിടയിൽ വന്നു പോകുന്ന കഥാപാത്രങ്ങൾ എല്ലാം തന്നെ ജീവിതത്തോട് ചേർന്നു നിൽക്കുന്നവർ തന്നെ.



വലിയ സ്വപ്നങ്ങൾക്ക് പിന്നാലെ പോകാനല്ല, കുഞ്ഞു സ്വപ്നങ്ങൾ കാണാനാണ് കൂടെ പ്രേരിപ്പിക്കുന്നത്. അടച്ചിട്ട വാതിലുകൾ മെല്ലെ തുറന്ന് പ്രകൃതിയെ കൺകുളിർക്കെ കണ്ട് ആസ്വദിക്കാൻ സംവിധായിക പറയുന്നത് ഒഴുക്കുള്ള പശ്ചാത്തല സംഗീതത്തിന്‍റെ അകന്പടിയോടെയാണ്. എന്തൊരു ഇണക്കമായിരുന്നു പാട്ടിനും കഥയ്ക്കും പിന്നെ പശ്ചാത്തല സംഗീതത്തിനും.

ഇഷ്ടങ്ങളെ ഒപ്പം കൂട്ടാതെ മാറ്റിവച്ചിരിക്കുന്ന ഏതൊരാൾക്കും കൂടെ പുതിയൊരു വഴി തുറന്നിട്ട് തരും. വേണമെങ്കിൽ ആ വഴിയെ സഞ്ചരിക്കാം... തുടക്കവും ഒടുക്കവുമല്ല, അതിനിടയിലാണ് ജീവിതം. അതൊന്നു ആസ്വദിക്കാൻ പൃഥ്വിയും കൂട്ടരും നിങ്ങളെ പ്രേരിപ്പിക്കുകയാണ് കൂടെയിലൂടെ. സകുടുംബം കണ്ടിരിക്കാം ഈ കൊച്ചു ചിത്രം.

(കൊച്ചു കഥ, കുഞ്ഞ് കാര്യങ്ങൾ... ചുമ്മാ ഹാപ്പിയായി തിരിച്ചിറങ്ങാം.)

വി.ശ്രീകാന്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.